[1] യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ; സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ.
[2] യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ.
[3] ജനതതികളുടെ ഇടയിൽ ദൈവത്തിന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ ദൈവത്തിന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ.
[4] യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; അവിടുന്ന് സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
[5] ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
[6] ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
[7] ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ; മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ.
[8] യഹോവയ്ക്ക് അവിടുത്തെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ; തിരുമുൽകാഴ്ചയുമായി അവിടുത്തെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
[9] വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ; സകലഭൂവാസികളുമേ, അവിടുത്തെ മുമ്പിൽ നടുങ്ങുവിൻ.
[10] “യഹോവ വാഴുന്നു; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവിടുന്ന് ജനതകളെ നേരോടെ വിധിക്കും” എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ.
[11] ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.
[12] വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും.
[13] യഹോവയുടെ സന്നിധിയിൽ തന്നെ; ദൈവം വരുന്നുവല്ലോ; ദൈവം ഭൂമിയെ വിധിക്കുവാൻ വരുന്നു; കർത്താവ് ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും.