Skip to content
Opens in a new window
Listen to this chapter • 2:33

[1] യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;

[2] എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചുപോകരുതേ; എന്റെ ശത്രുക്കൾ എന്റെ മേൽ ജയം ഘോഷിക്കരുതേ.

[3] അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.

[4] യഹോവേ, അങ്ങയുടെ വഴികൾ എന്നെ അറിയിക്കണമേ; അങ്ങയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!

[5] അങ്ങയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; അവിടുന്ന് എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.

[6] യഹോവേ, അങ്ങയുടെ കരുണയും ദയയും ഓർക്കണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.

[7] എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, അങ്ങയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കണമേ.

[8] യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു.

[9] സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.

[10] യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.

[11] യഹോവേ, എന്റെ അകൃത്യം വലിയത്; തിരുനാമംനിമിത്തം അത് ക്ഷമിക്കണമേ.

[12] യഹോവാഭക്തനായ പുരുഷൻ ആര്? അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും.

[13] അവൻ മനോസുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശം അവകാശമാക്കും.

[14] യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവിടുന്ന് തന്റെ നിയമം അവരെ അറിയിക്കുന്നു.

[15] എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; കർത്താവ് എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.

[16] എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.

[17] എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.

[18] എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.

[19] എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;

[20] എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ; അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.

[21] നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.

[22] ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.

സങ്കീർത്തനങ്ങൾ — Chapters