Skip to content
Opens in a new window
Listen to this chapter • 1:46

[1] ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.

[2] “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല” എന്നിങ്ങനെ അവൻ തന്നോട് തന്നെ മധുരവാക്ക് പറയുന്നു.

[3] അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്; ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.

[4] അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; ദോഷം വെറുക്കുന്നതുമില്ല.

[5] യഹോവേ, അങ്ങയുടെ ദയ ആകാശത്തോളവും അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.

[6] അങ്ങയുടെ നീതി മഹാപർവ്വതങ്ങളെപ്പോലെയും അവിടുത്തെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; യഹോവേ, അവിടുന്ന് മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.

[7] ദൈവമേ, അങ്ങയുടെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാർ അങ്ങയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.

[8] അങ്ങയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; അവിടുത്തെ ആനന്ദനദി അവിടുന്ന് അവരെ കുടിപ്പിക്കുന്നു.

[9] അവിടുത്തെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; അവിടുത്തെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.

[10] അവിടുത്തെ അറിയുന്നവർക്ക് അങ്ങയുടെ ദയയും പരമാർത്ഥഹൃദയമുള്ളവർക്ക് അങ്ങയുടെ നീതിയും നിലനിർത്തേണമേ.

[11] നിഗളികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.

[12] ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു: അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല.

സങ്കീർത്തനങ്ങൾ — Chapters