[1] യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ.
[2] യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലും നില്‍ക്കുന്നവരേ,
[3] യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; കർത്താവിന്റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.
[4] യഹോവ യാക്കോബിനെ തനിക്കായും യിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.
[5] യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
[6] ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.
[7] ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
[8] അവിടുന്ന് ഈജിപ്റ്റിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.
[9] ഈജിപ്റ്റ് ദേശമേ, നിന്റെ മദ്ധ്യത്തിൽ ദൈവം ഫറവോന്റെമേലും അവന്റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
[10] ദൈവം വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
[11] അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ.
[12] അവരുടെ ദേശത്തെ തനിക്ക് അവകാശമായി, തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു.
[13] യഹോവേ, അങ്ങയുടെ നാമം ശാശ്വതമായും യഹോവേ, അങ്ങയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
[14] യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും; കർത്താവ് തന്റെ ദാസന്മാരോട് സഹതപിക്കും.
[15] ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
[16] അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
[17] അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.
[18] അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ.
[19] യിസ്രായേൽ ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക.
[20] ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക.
[21] യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിക്കുവിൻ.