[1] എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;
[2] എന്റെ പ്രാർത്ഥന തിരുമുൻപിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കണമേ.
[3] എന്റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു.
[4] കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ ബലഹീനനായ മനുഷ്യനെപ്പോലെയാകുന്നു.
[5] ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ അങ്ങ് പിന്നെ ഓർക്കുന്നില്ല; അവർ അങ്ങയുടെ കൈയിൽനിന്ന് ഛേദിക്കപ്പെട്ടുപോയിരിക്കുന്നു.
[6] അങ്ങ് എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
[7] അങ്ങയുടെ ക്രോധം എനിക്ക് ഭാരമായിരിക്കുന്നു; അങ്ങയുടെ എല്ലാ തിരകളുംകൊണ്ട് അവിടുന്ന് എന്നെ വലച്ചിരിക്കുന്നു. സേലാ.
[8] എന്റെ പരിചയക്കാരെ അവിടുന്ന് എന്നോട് അകറ്റി, അവർക്ക് എന്നോട് വെറുപ്പായിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാത്തവിധം എന്നെ അടച്ചിരിക്കുന്നു.
[9] എന്റെ കണ്ണ് കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതി അങ്ങയെ വിളിച്ചപേക്ഷിക്കുകയും എന്റെ കൈകളെ അങ്ങയിലേക്ക് മലർത്തുകയും ചെയ്യുന്നു.
[10] അവിടുന്ന് മരിച്ചവർക്ക് വേണ്ടി അത്ഭുതങ്ങൾ ചെയ്യുമോ? മൃതന്മാർ എഴുന്നേറ്റ് അങ്ങയെ സ്തുതിക്കുമോ? സേലാ.
[11] ശവക്കുഴിയിൽ അങ്ങയുടെ ദയയെയും വിനാശത്തിൽ അങ്ങയുടെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
[12] അന്ധകാരത്തിൽ അങ്ങയുടെ അത്ഭുതങ്ങളും വിസ്മൃതിയുടെ ദേശത്ത് അങ്ങയുടെ നീതിയും വെളിപ്പെടുമോ?
[13] എന്നാൽ യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.
[14] യഹോവേ, അവിടുന്ന് എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്? അങ്ങയുടെ മുഖത്തെ എനിക്ക് മറയ്ക്കുന്നതും എന്തിന്?
[15] ബാല്യംമുതൽ ഞാൻ അരിഷ്ടനും മൃതപ്രായനും ആകുന്നു; ഞാൻ അങ്ങയുടെ ഭീകരതകൾ സഹിച്ച് വലഞ്ഞിരിക്കുന്നു.
[16] അങ്ങയുടെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; അങ്ങയുടെ ഭീകരത എന്നെ സംഹരിച്ചിരിക്കുന്നു.
[17] അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
[18] സ്നേഹിതനെയും കൂട്ടാളിയെയും അവിടുന്ന് എന്നോട് അകറ്റിയിരിക്കുന്നു; എന്റെ സ്നേഹിതന്മാർ അന്ധകാരമത്രേ.