Skip to content
Opens in a new window
Listen to this chapter • 17:17

[1] യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.

[2] അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ച് പൂർണ്ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.

[3] അവർ നീതികേട് പ്രവർത്തിക്കാതെ കർത്താവിന്റെ വഴികളിൽതന്നെ നടക്കുന്നു.

[4] അങ്ങയുടെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന് അങ്ങ് അവ കല്പിച്ചുതന്നിരിക്കുന്നു.

[5] അങ്ങയുടെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് എന്റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു.

[6] അങ്ങയുടെ സകല കല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം ഞാൻ ലജ്ജിച്ചു പോകുകയില്ല.

[7] അങ്ങയുടെ നീതിയുള്ള വിധികൾ പഠിച്ചിട്ട് ഞാൻ പരമാർത്ഥ ഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും.

[8] ഞാൻ അങ്ങയുടെ ചട്ടങ്ങൾ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബേത്ത്.

[9] ഒരു ബാലൻ തന്റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? അങ്ങയുടെ വചനപ്രകാരം തന്റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ.

[10] ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു; അങ്ങയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ.

[11] ഞാൻ അങ്ങയോട് പാപം ചെയ്യാതിരിക്കേണ്ടതിന് അങ്ങയുടെ വചനം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.

[12] യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.

[13] ഞാൻ എന്റെ അധരങ്ങൾ കൊണ്ട് അങ്ങയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു.

[14] ഞാൻ സർവ്വസമ്പത്തിലും എന്നപോലെ അങ്ങയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.

[15] ഞാൻ അങ്ങയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും അങ്ങയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു.

[16] ഞാൻ അങ്ങയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; അങ്ങയുടെ വചനം മറക്കുകയുമില്ല. ഗീമെൽ.

[17] ജീവിച്ചിരുന്ന് അങ്ങയുടെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യണമേ.

[18] അങ്ങയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ.

[19] ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; അങ്ങയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ.

[20] അങ്ങയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്റെ മനസ്സു തകർന്നിരിക്കുന്നു.

[21] അങ്ങയുടെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭത്സിക്കുന്നു.

[22] നിന്ദയും അപമാനവും എന്നോട് അകറ്റണമേ; ഞാൻ അങ്ങയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു.

[23] അധികാരികളും കൂടിയിരുന്ന് എനിക്ക് വിരോധമായി സംസാരിക്കുന്നു; എങ്കിലും അടിയൻ അങ്ങയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു.

[24] അങ്ങയുടെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്.

[25] എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കണമേ.

[26] എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.

[27] അങ്ങയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കണമേ; എന്നാൽ ഞാൻ അങ്ങയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും.

[28] എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; അങ്ങയുടെ വചനപ്രകാരം എന്നെ ശക്തീകരിക്കണമേ.

[29] ഭോഷ്കിന്റെ വഴി എന്നോട് അകറ്റണമേ; അങ്ങയുടെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കണമേ.

[30] വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ വിധികൾ എന്റെ മുമ്പിൽ വച്ചിരിക്കുന്നു.

[31] ഞാൻ അങ്ങയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.

[32] അങ്ങ് എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ അങ്ങയുടെ കല്പനകളുടെ വഴിയിൽ ഓടും. ഹേ.

[33] യഹോവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും.

[34] ഞാൻ അങ്ങയുടെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കണമേ.

[35] അങ്ങയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.

[36] ദുരാദായത്തിലേക്കല്ല, അങ്ങയുടെ സാക്ഷ്യങ്ങളിലേക്കു തന്നെ എന്റെ ഹൃദയം ചായുമാറാക്കണമേ.

[37] വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച് അങ്ങയുടെ വഴികളിൽ എന്നെ ജീവിപ്പിക്കണമേ.

[38] അങ്ങയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന അങ്ങയുടെ വചനം അടിയന് ഉറപ്പിച്ചുതരണമേ.

[39] ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; അങ്ങയുടെ വിധികൾ നല്ലവയല്ലയോ?

[40] ഇതാ, ഞാൻ അങ്ങയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; അങ്ങയുടെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ. വൗ.

[41] യഹോവേ, അങ്ങയുടെ വചനപ്രകാരം അങ്ങയുടെ ദയയും അങ്ങയുടെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.

[42] ഞാൻ അങ്ങയുടെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.

[43] ഞാൻ അങ്ങയുടെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്റെ വചനം എന്റെ വാളിൽനിന്ന് നീക്കിക്കളയരുതേ.

[44] അങ്ങനെ ഞാൻ അങ്ങയുടെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.

[45] അങ്ങയുടെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും.

[46] ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും അങ്ങയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.

[47] ഞാൻ അങ്ങയുടെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു.

[48] എനിക്ക് പ്രിയമായിരിക്കുന്ന അങ്ങയുടെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; അങ്ങയുടെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു. സയിൻ.

[49] എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള അങ്ങയുടെ വചനത്തെ ഓർക്കണമേ.

[50] അങ്ങയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.

[51] അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ അങ്ങയുടെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല.

[52] യഹോവേ, പുരാതനമായ അങ്ങയുടെ വിധികൾ ഓർത്ത് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.

[53] അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.

[54] ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ അങ്ങയുടെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.

[55] യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; അങ്ങയുടെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.

[56] അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. ഹേത്ത്.

[57] യഹോവേ, അങ്ങ് എന്റെ ഓഹരിയാകുന്നു; ഞാൻ അങ്ങയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.

[58] പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു; അങ്ങയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകണമേ.

[59] ഞാൻ എന്റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്റെ കാലുകൾ അങ്ങയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.

[60] അങ്ങയുടെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു;

[61] ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുന്നില്ല.

[62] അങ്ങയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.

[63] അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു.

[64] യഹോവേ, ഭൂമി അങ്ങയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ. തേത്ത്.

[65] യഹോവേ, തിരുവചനപ്രകാരം അങ്ങ് അടിയന് നന്മ ചെയ്തിരിക്കുന്നു.

[66] അങ്ങയുടെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്ക് നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചു തരണമേ.

[67] കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ അങ്ങയുടെ വചനം പ്രമാണിക്കുന്നു.

[68] അങ്ങ് നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.

[69] അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കും.

[70] അവരുടെ ഹൃദയത്തില്‍ സത്യം ഇല്ല; ഞാൻ അങ്ങയുടെ ന്യായപ്രമാണത്തിൽ രസിക്കുന്നു.

[71] അങ്ങയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി.

[72] ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ അങ്ങയുടെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. യോദ്.

[73] തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; അങ്ങയുടെ കല്പനകൾ പഠിക്കുവാൻ എനിക്ക് ബുദ്ധി നല്കണമേ.

[74] തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ അങ്ങയുടെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു.

[75] യഹോവേ, അങ്ങയുടെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ അങ്ങ് എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.

[76] അടിയനോടുള്ള അങ്ങയുടെ വാഗ്ദാനപ്രകാരം അങ്ങയുടെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ.

[77] ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നണമേ; അങ്ങയുടെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു.

[78] കാരണംകൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ അങ്ങയുടെ കല്പനകൾ ധ്യാനിക്കുന്നു.

[79] അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.

[80] ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് എന്റെ ഹൃദയം അങ്ങയുടെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. കഫ്.

[81] ഞാൻ അങ്ങയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; അങ്ങയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

[82] എപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച് എന്റെ കണ്ണ് അങ്ങയുടെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു.

[83] ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും അങ്ങയുടെ ചട്ടങ്ങൾ മറക്കുന്നില്ല.

[84] അടിയന്റെ ജീവകാലം എത്ര നാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ അങ്ങ് എപ്പോൾ ന്യായവിധി നടത്തും?

[85] അങ്ങയുടെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.

[86] അങ്ങയുടെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കണമേ.

[87] അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; അങ്ങയുടെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.

[88] അങ്ങയുടെ ദയയ്ക്കു തക്കവണ്ണം എന്നെ സംരക്ഷിക്കേണമേ; ഞാൻ അങ്ങയുടെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും. ലാമെദ്.

[89] യഹോവേ, അങ്ങയുടെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.

[90] അങ്ങയുടെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; അങ്ങ് ഭൂമിയെ സ്ഥാപിച്ചു, അത് നിലനില്ക്കുന്നു.

[91] അവ ഇന്നുവരെ അങ്ങയുടെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും അങ്ങയുടെ ദാസരല്ലോ.

[92] അങ്ങയുടെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.

[93] ഞാൻ ഒരുനാളും അങ്ങയുടെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ അങ്ങ് എന്നെ ജീവിപ്പിച്ചിരിക്കുന്നു.

[94] ഞാൻ അങ്ങേക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ; ഞാൻ അങ്ങയുടെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.

[95] ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.

[96] സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; അങ്ങയുടെ കല്പനയോ അതിരുകള്‍ ഇല്ലാത്തതായിരിക്കുന്നു. മേം.

[97] അങ്ങയുടെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.

[98] അങ്ങയുടെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.

[99] അങ്ങയുടെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.

[100] അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.

[101] അങ്ങയുടെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.

[102] അങ്ങ് എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ അങ്ങയുടെ വിധികൾ വിട്ടുമാറിയിട്ടില്ല.

[103] തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്.

[104] അങ്ങയുടെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. നൂൻ.

[105] അങ്ങയുടെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.

[106] അങ്ങയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും.

[107] ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, അങ്ങയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.

[108] യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ; അങ്ങയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ.

[109] എന്റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു; എങ്കിലും അങ്ങയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.

[110] ദുഷ്ടന്മാർ എനിക്ക് കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.

[111] ഞാൻ അങ്ങയുടെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.

[112] അങ്ങയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു. സാമെക്.

[113] ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ അങ്ങയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു.

[114] അങ്ങ് എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.

[115] എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ.

[116] ഞാൻ ജീവിച്ചിരിക്കേണ്ടതിന് അങ്ങയുടെ വചനപ്രകാരം എന്നെ താങ്ങണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.

[117] ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ; അങ്ങയുടെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.

[118] അങ്ങയുടെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും അങ്ങ് നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.

[119] ഭൂമിയിലെ സകലദുഷ്ടന്മാരെയും അങ്ങ് മാലിന്യംപോലെ നീക്കിക്കളയുന്നു; അതുകൊണ്ട് അങ്ങയുടെ സാക്ഷ്യങ്ങൾ എനിക്ക് പ്രിയമാകുന്നു.

[120] അങ്ങയെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; അങ്ങയുടെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. അയിൻ.

[121] ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.

[122] അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.

[123] എന്റെ കണ്ണ് അങ്ങയുടെ രക്ഷയെയും അങ്ങയുടെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.

[124] അങ്ങയുടെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.

[125] ഞാൻ അങ്ങയുടെ ദാസൻ ആകുന്നു; അങ്ങയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്ക് ബുദ്ധി നല്കണമേ.

[126] യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ അങ്ങയുടെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.

[127] അതുകൊണ്ട് അങ്ങയുടെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.

[128] അതുകൊണ്ട് അങ്ങയുടെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു. പേ.

[129] അങ്ങയുടെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.

[130] അങ്ങയുടെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.

[131] അങ്ങയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.

[132] തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് അങ്ങ് ചെയ്യുന്നതുപോലെ എങ്കലേക്ക് തിരിഞ്ഞ് എന്നോട് കൃപ ചെയ്യണമേ.

[133] എന്റെ കാലടികൾ അങ്ങയുടെ വചനത്തിൽ സ്ഥിരമാക്കണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.

[134] മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നാൽ ഞാൻ അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കും.

[135] അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിച്ച് അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.

[136] അവർ അങ്ങയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. സാദെ.

[137] യഹോവേ, അങ്ങ് നീതിമാനാകുന്നു; അങ്ങയുടെ വിധികൾ നേരുള്ളവ തന്നെ.

[138] അങ്ങ് നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി അങ്ങയുടെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.

[139] എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു.

[140] അങ്ങയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു.

[141] ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങൾ മറക്കുന്നില്ല.

[142] അങ്ങയുടെ നീതി ശാശ്വതനീതിയും അങ്ങയുടെ ന്യായപ്രമാണം സത്യവുമാകുന്നു.

[143] കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും അങ്ങയുടെ കല്പനകൾ എന്റെ പ്രമോദമാകുന്നു.

[144] അങ്ങയുടെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ബുദ്ധി നല്കണമേ. കോഫ്.

[145] ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ; യഹോവേ, ഞാൻ അങ്ങയുടെ ചട്ടങ്ങൾ പ്രമാണിക്കും.

[146] ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കണമേ; ഞാൻ അങ്ങയുടെ സാക്ഷ്യങ്ങളെ പ്രമാണിക്കും.

[147] ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു; അങ്ങയുടെ വചനത്തിൽ ഞാൻ പ്രത്യാശവക്കുന്നു.

[148] തിരുവചനം ധ്യാനിക്കേണ്ടതിന് എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.

[149] അങ്ങയുടെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കണമേ; യഹോവേ, അങ്ങയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.

[150] ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; അങ്ങയുടെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു.

[151] യഹോവേ, അങ്ങ് സമീപസ്ഥനാകുന്നു; അങ്ങയുടെ കല്പനകൾ സകലവും സത്യം തന്നെ.

[152] അങ്ങയുടെ സാക്ഷ്യങ്ങൾ അങ്ങ് എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്ന് ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. രേശ്.

[153] എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കണമേ; ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുന്നില്ല.

[154] എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; അങ്ങയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.

[155] രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ അങ്ങയുടെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.

[156] യഹോവേ, അങ്ങയുടെ കരുണ വലിയതാകുന്നു; അങ്ങയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.

[157] എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ അങ്ങയുടെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.

[158] ഞാൻ ദ്രോഹികളെ കണ്ട് വ്യസനിച്ചു; അവർ അങ്ങയുടെ വചനം പ്രമാണിക്കുന്നില്ലല്ലോ.

[159] അങ്ങയുടെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ട്, യഹോവേ, അങ്ങയുടെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ.

[160] അങ്ങയുടെ വചനത്തിന്റെ സാരം സത്യം തന്നെ; അങ്ങയുടെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ. ശീൻ.

[161] അധികാരികള്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും അങ്ങയുടെ വചനത്തെ എന്റെ ഹൃദയം ഭയപ്പെടുന്നു.

[162] വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ ഞാൻ അങ്ങയുടെ വചനത്തിൽ ആനന്ദിക്കുന്നു.

[163] ഞാൻ ഭോഷ്ക് വെറുത്ത് അറയ്ക്കുന്നു; എന്നാൽ അങ്ങയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു.

[164] അങ്ങയുടെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം അങ്ങയെ സ്തുതിക്കുന്നു.

[165] അങ്ങയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല.

[166] യഹോവേ, ഞാൻ അങ്ങയുടെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; അങ്ങയുടെ കല്പനകൾ ഞാൻ ആചരിക്കുന്നു.

[167] എന്റെ മനസ്സ് അങ്ങയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.

[168] ഞാൻ അങ്ങയുടെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം അങ്ങയുടെ മുമ്പാകെ ഇരിക്കുന്നു. തൗ.

[169] യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങയുടെ വചനപ്രകാരം എനിക്ക് ബുദ്ധി നല്കണമേ.

[170] എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങയുടെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കണമേ.

[171] അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട് എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.

[172] അങ്ങയുടെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ എന്റെ നാവ് അങ്ങയുടെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ.

[173] അങ്ങയുടെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ അങ്ങയുടെ കൈ എനിക്ക് തുണയായിരിക്കട്ടെ.

[174] യഹോവേ, ഞാൻ അങ്ങയുടെ രക്ഷക്കായി വാഞ്ഛിക്കുന്നു; അങ്ങയുടെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.

[175] അങ്ങയെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; അങ്ങയുടെ വിധികൾ എനിക്ക് തുണയായിരിക്കട്ടെ.

[176] കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കണമേ; അങ്ങയുടെ കല്പനകൾ ഞാൻ മറക്കുന്നില്ല.

സങ്കീർത്തനങ്ങൾ — Chapters