[1] യഹോവേ, എനിക്ക് ന്യായം പാലിച്ചുതരണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
[2] യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.
[3] അങ്ങയുടെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; അങ്ങയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
[4] വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
[5] ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.
[6] സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
[7] ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; യഹോവേ, ഞാൻ അങ്ങയുടെ യാഗപീഠം വലംവയ്ക്കുന്നു.
[8] യഹോവേ, അങ്ങയുടെ ആലയമായ വാസസ്ഥലവും അങ്ങയുടെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.
[9] പാപികളോടുകൂടി എന്റെ പ്രാണനെയും രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
[10] അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.
[11] ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യണമേ.
[12] എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.