Skip to content
Opens in a new window
Listen to this chapter • 2:29

[1] ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവിടുത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും.

[2] എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും.

[3] എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; നാം ഒന്നിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കുക.

[4] ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി; എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.

[5] അവിടുത്തെ നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

[6] ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.

[7] യഹോവയുടെ ദൂതൻ അവിടുത്തെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.

[8] യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ; അവിടുത്തെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.

[9] യഹോവയുടെ വിശുദ്ധന്മാരേ, അവിടുത്തെ ഭയപ്പെടുവിൻ; ദൈവഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ.

[10] ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല.

[11] മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.

[12] ജീവനെ ആഗ്രഹിക്കുകയും ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്?

[13] ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക;

[14] ദോഷം വിട്ടകന്ന് നന്മചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.

[15] യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.

[16] ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന് യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.

[17] നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.

[18] ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു.

[19] നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.

[20] അവന്റെ അസ്ഥികൾ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല.

[21] തിന്മ ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും.

[22] യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; ദൈവത്തെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.

സങ്കീർത്തനങ്ങൾ — Chapters