Skip to content
Opens in a new window
Listen to this chapter • 2:34

[1] സകലജനതകളുമേ, ഇത് കേൾക്കുവിൻ; സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ.

[2] സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.

[3] എന്റെ അധരം ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.

[4] ഞാൻ സദൃശവാക്യത്തിന് എന്റെ ചെവിചായിക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.

[5] ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല.

[6] തന്റെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ

[7] സഹോദരൻ ശവക്കുഴി കാണാതെ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന്

[8] സ്വയം വീണ്ടെടുക്കുവാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.

[9] അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്; അത് ഒരുനാളും സാധിക്കുകയില്ല.

[10] ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ.

[11] തങ്ങളുടെ ശവക്കുഴികള്‍ ശാശ്വതമായും അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും എന്നാകുന്നു അവരുടെ വിചാരം; അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു.

[12] എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്‍ക്കുകയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ.

[13] ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു; അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതുതന്നെ. സേലാ.

[14] അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും; അവരുടെ സൗന്ദര്യം ഇല്ലാതെയാകും; അവര്‍ നേരെ പാതാളത്തിലേക്ക്‌ ഇറങ്ങുന്നു.

[15] എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; അവിടുന്ന് എന്നെ കൈക്കൊള്ളും. സേലാ.

[16] ഒരുവൻ ധനവാനായി ഭവിച്ചാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്.

[17] അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല.

[18] അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്ന് സ്വയം പറഞ്ഞു; നീ നിനക്ക് തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.

[19] അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല.

[20] ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.

സങ്കീർത്തനങ്ങൾ — Chapters