[1] യഹോവേ, രക്ഷിക്കണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
[2] ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.
[3] കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
[4] “ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആര്?” എന്ന് അവർ പറയുന്നു.
[5] “എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ ഞാൻ സംരക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
[6] യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.
[7] യഹോവേ, അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്ന് ഞങ്ങളെ എന്നും സൂക്ഷിക്കും.
[8] മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.