Skip to content
Opens in a new window
Listen to this chapter • 2:29

[1] ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവിടുന്ന് എന്റെ നിലവിളി ശ്രദ്ധിക്കും.

[2] കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.

[3] ഞാൻ ദൈവത്തെ ഓർത്ത് നെടുവീർപ്പിടുന്നു. ഞാൻ ധ്യാനിക്കുമ്പോൾ, എന്റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.

[4] അങ്ങ് എന്റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു; സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.

[5] ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു.

[6] എന്റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.

[7] കർത്താവ് എന്നേക്കും തള്ളിക്കളയുമോ? ദൈവം ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?

[8] കർത്താവിന്റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ? ദൈവത്തിന്റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്‍ക്കാതെ പോയോ?

[9] ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ? അവിടുന്ന് കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.

[10] “എന്നാൽ അത് എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്ന് ഞാൻ പറഞ്ഞു.

[11] ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; പണ്ടേയുള്ള അങ്ങയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.

[12] ഞാൻ അങ്ങയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും; അങ്ങയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.

[13] ദൈവമേ, അങ്ങയുടെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?

[14] അങ്ങ് അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; അങ്ങയുടെ ബലത്തെ അങ്ങ് ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.

[15] തൃക്കൈകൊണ്ട് അങ്ങ് അങ്ങയുടെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നെ. സേലാ.

[16] ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.

[17] മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം ഇടിനാദം മുഴക്കി; അങ്ങയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു.

[18] അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.

[19] അങ്ങയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; അങ്ങയുടെ കാൽചുവടുകളെ അറിയാതെയുമിരുന്നു.

[20] മോശെയുടെയും അഹരോന്റെയും കയ്യാൽ അങ്ങ് അങ്ങയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.

സങ്കീർത്തനങ്ങൾ — Chapters