Skip to content
Opens in a new window
Listen to this chapter • 1:29

[1] സ്വര്‍ഗീയ ദൂതന്മാരെ, യഹോവയ്ക്ക് കൊടുക്കുവിൻ, യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ.

[2] യഹോവയ്ക്ക് അവിടുത്തെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ.

[3] യഹോവയുടെ ശബ്ദം സമുദ്രത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.

[4] യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.

[5] യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു.

[6] അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

[7] യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

[8] യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.

[9] യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു; അത് വനങ്ങളെ തോലുരിക്കുന്നു; കർത്താവിന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു.

[10] യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു.

[11] യഹോവ തന്റെ ജനത്തിന് ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

സങ്കീർത്തനങ്ങൾ — Chapters