Skip to content
Opens in a new window
Listen to this chapter • 1:28

[1] അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്? ദൈവത്തിന്റെ ദയ ശാശ്വതമാകുന്നു.

[2] ചതിയനായ നിന്റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.

[3] നീ നന്മയെക്കാൾ തിന്മയെയും നീതി സംസാരിക്കുന്നതിനേക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.

[4] നിന്റെ വഞ്ചനയുള്ള നാവ് നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു.

[5] ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ.

[6] നീതിമാന്മാർ അത് കണ്ട് ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.

[7] “ദൈവത്തെ ശരണമാക്കാതെ തന്റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്ന് പറയും,

[8] ഞാനോ, ദൈവത്തിന്റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.

[9] അങ്ങ് അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും അങ്ങേക്ക് സ്തോത്രം ചെയ്യും; ഞാൻ തിരുനാമത്തിൽ പ്രത്യാശവക്കും; അങ്ങയുടെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?

സങ്കീർത്തനങ്ങൾ — Chapters