[1] യഹോവേ, രാജാവ് അങ്ങയുടെ ബലത്തിൽ സന്തോഷിക്കുന്നു; അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
[2] അവന്റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
[3] സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്, തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു.
[4] അവൻ അങ്ങയോട് ജീവൻ ചോദിച്ചു; അവിടുന്ന് അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.
[5] അങ്ങയുടെ സഹായത്താൽ അവന്റെ മഹത്വം വർദ്ധിച്ചു; ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു.
[6] അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
[7] രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.
[8] അങ്ങയുടെ കൈ അങ്ങയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും; അങ്ങയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും.
[9] അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
[10] അങ്ങ് അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
[11] അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു; അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.
[12] അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
[13] യഹോവേ, അങ്ങയുടെ ശക്തിയിൽ ഉയർന്നിരിക്കണമേ; ഞങ്ങൾ പാടി അങ്ങയുടെ ബലത്തെ സ്തുതിക്കും.