[1] ദൈവം യിസ്രായേലിന്, നിർമ്മലഹൃദയം ഉള്ളവർക്ക് തന്നെ, നിശ്ചയമായും നല്ലവൻ ആകുന്നു.
[2] എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി.
[3] ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി.
[4] അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല; അവരുടെ ദേഹം തടിച്ചുകൊഴുത്തിരിക്കുന്നു.
[5] അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല.
[6] അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു; ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
[7] അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു; അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
[8] അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
[9] അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു.
[10] അതുകൊണ്ട് അവൻ തന്റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു. അവർ അവരില്‍ ഒരു കുറ്റവും കാണുന്നില്ല.
[11] “ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന് അറിവുണ്ടോ?” എന്ന് അവർ പറയുന്നു.
[12] ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു.
[13] ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ.
[14] ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
[15] ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ, നിന്റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു.
[16] ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ എനിക്ക് പ്രയാസമായി തോന്നി;
[17] ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ ചെന്ന് അവരുടെ അന്ത്യം എന്താകും എന്ന് ചിന്തിച്ചു.
[18] നിശ്ചയമായും അവിടുന്ന് അവരെ വഴുവഴുപ്പിൽ നിർത്തുന്നു; അവിടുന്ന് അവരെ നാശത്തിൽ തള്ളിയിടുന്നു.
[19] എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
[20] ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും.
[21] ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കുകയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
[22] ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; അങ്ങയുടെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
[23] എങ്കിലും ഞാൻ ഇപ്പോഴും അങ്ങയുടെ അടുക്കൽ ഇരിക്കുന്നു; അവിടുന്ന് എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു.
[24] അങ്ങയുടെ ആലോചനയാൽ അങ്ങ് എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.
[25] സ്വർഗ്ഗത്തിൽ അങ്ങ് ഒഴികെ എനിക്ക് ആരാണുള്ളത്? ഭൂമിയിലും അങ്ങയെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
[26] എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ ശക്തിയും എന്റെ ഓഹരിയും ആകുന്നു.
[27] ഇതാ, അങ്ങയോട് അകന്നിരിക്കുന്നവർ നശിച്ചുപോകും; അങ്ങയെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും അവിടുന്ന് സംഹരിക്കും.
[28] എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്; അവിടുത്തെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.