Skip to content
Opens in a new window
Listen to this chapter • 2:21

[1] പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, നിന്റെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ.

[2] ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കണമേ; ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യണമേ.

[3] യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?

[4] അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും വമ്പ് പറയുന്നു.

[5] യഹോവേ, അവർ അങ്ങയുടെ ജനത്തെ തകർത്തുകളയുന്നു; അങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു.

[6] അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥരെ അവർ ഹിംസിക്കുന്നു.

[7] “യഹോവ കാണുകയില്ല; യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്ന് അവർ പറയുന്നു.

[8] ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും?

[9] ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ? കണ്ണ് നിർമ്മിച്ചവൻ കാണുകയില്ലയോ?

[10] ജനതതികളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ? അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?

[11] മനുഷ്യരുടെ വിചാരങ്ങൾ മായ എന്ന് യഹോവ അറിയുന്നു.

[12] യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിന്

[13] അങ്ങ് ശിക്ഷിക്കുകയും അങ്ങയുടെ ന്യായപ്രമാണം ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

[14] യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.

[15] നീതിപൂർവമായ ന്യായവിധികൾ മടങ്ങിവരും; പരമാർത്ഥഹൃദയമുള്ളവരെല്ലാം അതിനോട് യോജിക്കും.

[16] ദുഷ്കർമ്മികൾക്കെതിരെ ആര് എനിക്ക് വേണ്ടി എഴുന്നേല്ക്കും? നീതികേട് പ്രവർത്തിക്കുന്നവരോട് ആര് എനിക്ക് വേണ്ടി എതിർത്തുനില്ക്കും?

[17] യഹോവ എനിക്ക് സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.

[18] “എന്റെ കാൽ വഴുതുന്നു” എന്ന് ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ ദയ എന്നെ താങ്ങി.

[19] എന്റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ അങ്ങയിൽ നിന്നുള്ള ആശ്വാസം എന്റെ പ്രാണനെ തണുപ്പിക്കുന്നു.

[20] നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന ദുഷ്ടസിംഹാസനത്തിന് അങ്ങയോട് സഖ്യം ഉണ്ടാകുമോ?

[21] നീതിമാന്റെ പ്രാണന് വിരോധമായി അവർ കൂട്ടം കൂടുന്നു; നിരപരാധിയെ അവർ ശിക്ഷയ്ക്ക് വിധിക്കുന്നു.

[22] എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും എന്റെ ശരണശൈലവും എന്റെ ദൈവവും ആകുന്നു.

[23] ദൈവം അവരുടെ നീതികേട് കൊണ്ട് തന്നെ അവരുടെ മേൽ ശിക്ഷവരുത്തും; അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും.

സങ്കീർത്തനങ്ങൾ — Chapters