[1] യഹോവയെ സ്തുതിക്കുവിൻ; സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ; ഉന്നതങ്ങളിൽ കർത്താവിനെ സ്തുതിക്കുവിൻ.
[2] ദൈവത്തിന്റെ സകല ദൂതന്മാരുമേ, അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്റെ സർവ്വസൈന്യവുമേ, അവിടുത്തെ സ്തുതിക്കുവിൻ;
[3] സൂര്യചന്ദ്രന്മാരേ അവിടുത്തെ സ്തുതിക്കുവിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവിടുത്തെ സ്തുതിക്കുവിൻ.
[4] സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളവയേ, അവിടുത്തെ സ്തുതിക്കുവിൻ.
[5] ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
[6] ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു.
[7] തിമിംഗലങ്ങളും എല്ലാ ആഴികളുമേ, ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ.
[8] തീയും കല്മഴയും ഹിമവും, കാർമേഘവും ദൈവത്തിന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും,
[9] പർവ്വതങ്ങളും എല്ലാ കുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
[10] മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
[11] ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
[12] യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
[13] ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; ദൈവത്തിന്റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്. കർത്താവിന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു.
[14] തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽ മക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി ദൈവം സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിക്കുവിൻ.