[1] നമ്മുടെ ബലമായ ദൈവത്തിന് ഘോഷിക്കുവിൻ; യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുവിൻ.
[2] തപ്പും ഇമ്പമുള്ള കിന്നരവും വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ.
[3] അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗർണ്ണമാസിയിലും കാഹളം ഊതുവിൻ.
[4] ഇത് യിസ്രായേലിന് ഒരു ചട്ടവും യാക്കോബിന്റെ ദൈവം നൽകിയ ഒരു പ്രമാണവും ആകുന്നു.
[5] ഈജിപ്റ്റ് ദേശത്തിന് നേരെ പുറപ്പെട്ടപ്പോൾ ദൈവം അത് യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.
[6] ഞാൻ അവന്റെ തോളിൽനിന്ന് ചുമട് നീക്കി; അവന്റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു.
[7] കഷ്ടകാലത്ത് നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്ന് ഞാൻ നിനക്ക് ഉത്തരമരുളി; മെരീബാവെള്ളത്തിൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
[8] എന്റെ ജനമേ, കേൾക്കുക, ഞാൻ നിന്നോട് സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു.
[9] അന്യദൈവം നിനക്ക് ഉണ്ടാകരുത്; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.
[10] ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരമായി തുറക്കുക; ഞാൻ അതിനെ നിറയ്ക്കും.
[11] എന്നാൽ എന്റെ ജനം എന്റെ വാക്ക് കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
[12] അതുകൊണ്ട് അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന് ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു.
[13] അയ്യോ! എന്റെ ജനം എന്റെ വാക്കു കേൾക്കുകയും യിസ്രായേൽ എന്റെ വഴികളിൽ നടക്കുകയും ചെയ്തെങ്കിൽ കൊള്ളാമായിരുന്നു.
[14] എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
[15] യഹോവയെ പകക്കുന്നവർ തിരുമുമ്പിൽ കീഴടങ്ങുമായിരുന്നു; എന്നാൽ അവരുടെ ശുഭകാലം എന്നേക്കും നില്‍ക്കുമായിരുന്നു.
[16] അവിടുന്ന് മേത്തരമായ ഗോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു; ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ട് നിനക്ക് തൃപ്തിവരുത്തുമായിരുന്നു.