Skip to content
Opens in a new window
Listen to this chapter • 2:32

[1] ദൈവമേ, അങ്ങയുടെ ദയയ്ക്ക് തക്കവണ്ണം എന്നോട് കൃപയുണ്ടാകണമേ; അങ്ങയുടെ ബഹുവിധമായ കാരുണ്യപ്രകാരം എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.

[2] എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.

[3] എന്റെ ലംഘനങ്ങൾ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

[4] അങ്ങയോടു തന്നെ ഞാൻ പാപംചെയ്തു; അവിടുത്തേക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ അവിടുന്ന് നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ.

[5] ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭംധരിച്ചു.

[6] അന്തർഭാഗത്തെ സത്യമല്ലോ അവിടുന്ന് ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.

[7] ഞാൻ നിർമ്മലനാകേണ്ടതിന് എന്റെ പാപങ്ങളെ കഴുകേണമേ എന്നെ ശുദ്ധീകരിക്കണമേ; ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകണമേ.

[8] സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കണമേ; അവിടുന്ന് ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.

[9] എന്റെ പാപങ്ങൾ കാണാത്തവിധം തിരുമുഖം മറയ്ക്കണമേ; എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ.

[10] ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ.

[11] തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ.

[12] അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.

[13] അപ്പോൾ ഞാൻ അതിക്രമക്കാരോട് അവിടുത്തെ വഴികൾ ഉപദേശിക്കും; പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും.

[14] ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ! രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ; എന്നാൽ എന്റെ നാവ് അങ്ങയുടെ നീതിയെ ഘോഷിക്കും.

[15] കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്നാൽ എന്റെ വായ് അങ്ങേക്ക് സ്തുതിപാടും.

[16] ഹനനയാഗം അവിടുന്ന് ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ അങ്ങേക്ക് പ്രസാദവുമില്ല.

[17] ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ? തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, അവിടുന്ന് നിരസിക്കുകയില്ല.

[18] അവിടുത്തെ പ്രസാദപ്രകാരം സീയോന് നന്മ ചെയ്യണമേ; യെരൂശലേമിന്റെ മതിലുകൾ പണിയണമേ;

[19] അപ്പോൾ അവിടുന്ന് നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ അവർ അങ്ങയുടെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും.

സങ്കീർത്തനങ്ങൾ — Chapters