[1] യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
[2] ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യിസ്രായേൽ പറയട്ടെ.
[3] ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ.
[4] ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യഹോവാഭക്തർ പറയട്ടെ.
[5] ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
[6] യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും?
[7] എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്; എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.
[8] മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
[9] പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
[10] സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചുകളയും.
[11] അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
[12] അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
[13] ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
[14] യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു.
[15] ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
[16] യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
[17] ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.
[18] യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.
[19] നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.
[20] യഹോവയുടെ വാതിൽ ഇതുതന്നെ; നീതിമാന്മാർ അതിൽകൂടി കടക്കും.
[21] അങ്ങ് എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും.
[22] വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
[23] ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
[24] ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.
[25] യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.
[26] യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.
[27] യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.
[28] അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങയെ പുകഴ്ത്തും.
[29] യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; അവന്റെ അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.