[1] യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവിടുത്തെ സ്നേഹിക്കുന്നു.
[2] കർത്താവ് തന്റെ ചെവി എങ്കലേക്ക് ചായിച്ചതുകൊണ്ട് ഞാൻ ജീവിതകാലമെല്ലാം ദൈവത്തെ വിളിച്ചപേക്ഷിക്കും
[3] മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.
[4] “അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കണമേ” എന്ന് ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
[5] യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ.
[6] യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; കർത്താവ് എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു.
[7] എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു.
[8] അങ്ങ് എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
[9] ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുമ്പാകെ നടക്കും.
[10] “ഞാൻ വലിയ കഷ്ടതയിൽ ആയി” എന്ന് പറഞ്ഞത് ഞാൻ അത് വിശ്വസിച്ചതുകൊണ്ടാണ്.
[11] “സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
[12] യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ കർത്താവിന് എന്ത് പകരം കൊടുക്കും?
[13] ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
[14] യഹോവയ്ക്ക് ഞാൻ എന്റെ നേർച്ചകൾ കർത്താവിന്റെ സകലജനവും കാൺകെ കഴിക്കും.
[15] തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു.
[16] യഹോവേ, ഞാൻ അങ്ങയുടെ ദാസൻ ആകുന്നു; അങ്ങയുടെ ദാസനും അങ്ങയുടെ ദാസിയുടെ മകനും തന്നെ; അങ്ങ് എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.
[17] ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
[18] യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
[19] ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകൾ ദൈവത്തിന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിക്കുവിൻ.