Skip to content
Opens in a new window
Listen to this chapter • 4:51

[1] ദൈവം എഴുന്നേല്ക്കുമ്പോൾ അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവിടുത്തെ വെറുക്കുന്നവരും തിരുമുമ്പിൽനിന്ന് ഓടിപ്പോകുന്നു.

[2] പുക പാറിപ്പോകുന്നതുപോലെ അവിടുന്ന് അവരെ പാറിക്കുന്നു; തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.

[3] എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.

[4] ദൈവത്തിന് പാടുവിൻ, തിരുനാമത്തിന് സ്തുതിപാടുവിൻ; മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവിടുത്തെ നാമം; തിരുമുമ്പിൽ ഉല്ലസിക്കുവിൻ.

[5] ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്ക് പിതാവും വിധവമാർക്ക് സഹായകനും ആകുന്നു.

[6] ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവിടുന്ന് ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും.

[7] ദൈവമേ, അങ്ങ് അങ്ങയുടെ ജനത്തിന് മുമ്പായി പുറപ്പെട്ട് മരുഭൂമിയിൽക്കൂടി എഴുന്നെള്ളിയപ്പോൾ - സേലാ -

[8] ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. ഈ സീനായി, യിസ്രായേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.

[9] ദൈവമേ, അവിടുന്ന് ധാരാളം മഴ പെയ്യിച്ച് ക്ഷീണിച്ചിരുന്ന അങ്ങയുടെ അവകാശത്തെ തണുപ്പിച്ചു.

[10] അങ്ങയുടെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; ദൈവമേ, അങ്ങയുടെ ദയയാൽ അവിടുന്ന് അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.

[11] കർത്താവ് ആജ്ഞ കൊടുക്കുന്നു; അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു.

[12] സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.

[13] നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും പ്രാവിന്റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.

[14] സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.

[15] ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻപർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.

[16] കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും.

[17] ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായി പര്‍വ്വതത്തിലെ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്.

[18] അവിടുന്ന് ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന് അങ്ങ് മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.

[19] നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.

[20] നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ.

[21] അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും.

[22] നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും

[23] ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും.

[24] ദൈവമേ, അവർ അവിടുത്തെ എഴുന്നെള്ളത്ത് കണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നേ.

[25] സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.

[26] യിസ്രായേലിന്റെ ഉറവിൽനിന്നുള്ള ഏവരുമേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.

[27] അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്.

[28] ദൈവമേ നിന്റെ ബലം കല്പിക്ക; ദൈവമേ, അവിടുന്ന് ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ.

[29] യെരൂശലേമിലുള്ള അങ്ങയുടെ മന്ദിരം നിമിത്തം രാജാക്കന്മാർ നിനക്ക് കാഴ്ച കൊണ്ടുവരും.

[30] ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജനതകൾ വെള്ളിക്കൂമ്പാരങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കണമേ; യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കണമേ.

[31] ഈജിപ്റ്റിൽ നിന്ന് മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും.

[32] ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ.

[33] പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന് പാടുവിൻ! ഇതാ, കർത്താവ് തന്റെ ശബ്ദത്തെ, ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു.

[34] ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ; അവിടുത്തെ മഹിമ യിസ്രായേലിന്മേലും അവിടുത്തെ ബലം മേഘങ്ങളിലും വിളങ്ങുന്നു.

[35] ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ നിന്ന് അവിടുന്ന് ഭയങ്കരനായി ശോഭിക്കുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

സങ്കീർത്തനങ്ങൾ — Chapters