Skip to content
Opens in a new window
Listen to this chapter • 1:32

[1] യഹോവേ, അങ്ങ് അങ്ങയുടെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു.

[2] അങ്ങയുടെ ജനത്തിന്റെ അകൃത്യം അവിടുന്ന് മോചിച്ചു; അവരുടെ പാപം സകലവും അവിടുന്ന് മൂടിക്കളഞ്ഞു. സേലാ.

[3] അങ്ങയുടെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് അവിടുന്ന് പിന്മാറിയിരിക്കുന്നു.

[4] ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങളോടുള്ള അങ്ങയുടെ നീരസം മതിയാക്കണമേ.

[5] അവിടുന്ന് സദാകാലവും ഞങ്ങളോട് കോപിക്കുമോ? തലമുറതലമുറയോളം അങ്ങയുടെ കോപം നിലനില്‍ക്കുമോ?

[6] അങ്ങയുടെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?

[7] യഹോവേ, ഞങ്ങളോട് ദയ കാണിക്കണമേ; അവിടുത്തെ രക്ഷ ഞങ്ങൾക്ക് നല്കണമേ.

[8] യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; ദൈവം തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും. അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ.

[9] തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് ദൈവത്തിന്റെ രക്ഷ തന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.

[10] ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.

[11] വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു.

[12] യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും.

[13] നീതി ദൈവത്തിന് മുമ്പായി നടക്കുകയും അവിടുത്തെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.

സങ്കീർത്തനങ്ങൾ — Chapters