[1] യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ്കൊണ്ട് അങ്ങയുടെ വിശ്വസ്തതയെ അറിയിക്കും.
[2] “ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു; അങ്ങയുടെ വിശ്വസ്തതയെ അങ്ങ് സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
[3] എന്റെ വൃതനോട് ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു.
[4] “നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും”. സേലാ.
[5] യഹോവേ, സ്വർഗ്ഗം അങ്ങയുടെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും വർണ്ണിക്കും.
[6] സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്? ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ?
[7] ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
[8] സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെ പോലെ ബലവാൻ ആരാണുള്ളത്? യഹോവേ, അങ്ങയുടെ വിശ്വസ്തത അങ്ങയെ ചുറ്റിയിരിക്കുന്നു.
[9] അങ്ങ് സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ അങ്ങ് അവയെ അമർത്തുന്നു.
[10] അങ്ങ് രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; അങ്ങയുടെ ബലമുള്ള ഭുജംകൊണ്ട് അങ്ങയുടെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
[11] ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്; ഭൂതലവും അതിന്റെ പൂർണ്ണതയും അങ്ങ് സ്ഥാപിച്ചിരിക്കുന്നു.
[12] ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു;
[13] അങ്ങയുടെ ഭുജം വീര്യമുള്ളത്; അങ്ങയുടെ കൈ ബലമുള്ളതും അങ്ങയുടെ വലങ്കൈ ഉന്നതവും ആകുന്നു.
[14] നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും അങ്ങേക്കു മുമ്പായി നടക്കുന്നു.
[15] ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; യഹോവേ, അവർ അങ്ങയുടെ മുഖപ്രകാശത്തിൽ നടക്കും.
[16] അവർ ഇടവിടാതെ അങ്ങയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; അങ്ങയുടെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
[17] അങ്ങ് അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; അങ്ങയുടെ പ്രസാദത്താൽ ഞങ്ങളുടെ ശക്തിഉയർന്നിരിക്കുന്നു.
[18] നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
[19] അന്ന് അങ്ങ് ദർശനത്തിൽ അങ്ങയുടെ ഭക്തന്മാരോട് അരുളിച്ചെയ്തത്; “ഞാൻ വീരനായ ഒരുവന് സഹായം നല്കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
[20] ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.
[21] എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
[22] ശത്രു അവനെ തോല്പിക്കുകയില്ല; വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല.
[23] ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ വെറുക്കുന്നവരെ സംഹരിക്കും,
[24] എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും.
[25] അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും.
[26] അവൻ എന്നോട്: ‘അങ്ങ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും.
[27] ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
[28] ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും; എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും.
[29] ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
[30] അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും
[31] എന്റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ
[32] ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
[33] എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.
[34] ഞാൻ എന്റെ നിയമം ലംഘിക്കുകയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല.
[35] ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല.
[36] അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
[37] അത് ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും”. സേലാ.
[38] എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും അങ്ങയുടെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു.
[39] അങ്ങയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു; അവന്റെ കിരീടത്തെ അങ്ങ് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
[40] അങ്ങ് അവന്റെ വേലി എല്ലാം പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
[41] വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
[42] അങ്ങ് അവന്റെ വൈരികളുടെ വലംകൈ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
[43] അവന്റെ വാളിന്റെ വായ്ത്തല അങ്ങ് മടക്കി; യുദ്ധത്തിൽ അവനെ നില്‍ക്കുമാറാക്കിയതുമില്ല.
[44] അവന്റെ തേജസ്സ് അങ്ങ് ഇല്ലാതെയാക്കി; അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു.
[45] അവന്റെ യൗവനത്തെ അങ്ങ് ചുരുക്കി; അങ്ങ് അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ.
[46] യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതും അങ്ങയുടെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
[47] എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ; എന്ത് വ്യർത്ഥതയ്ക്കായി അങ്ങ് മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
[48] ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽനിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ.
[49] കർത്താവേ, അങ്ങയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട് സത്യംചെയ്ത അങ്ങയുടെ പുരാതനകൃപകൾ എവിടെ?
[50] കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ.
[51] യഹോവേ, അങ്ങയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; അവർ അങ്ങയുടെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
[52] യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.