Skip to content
Opens in a new window
Listen to this chapter • 4:55

[1] യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; അവിടുത്തെ ദയ എന്നേക്കും ഉള്ളത്.

[2] യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും? അവിടുത്തെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും?

[3] ന്യായം പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.

[4] യഹോവേ, അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും അങ്ങയുടെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും അങ്ങയുടെ അവകാശത്തോടുകൂടി പുകഴേണ്ടതിനും

[5] അങ്ങയുടെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, അങ്ങയുടെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ.

[6] ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.

[7] ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ ഈജിപ്റ്റിൽവെച്ച് അങ്ങയുടെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും അങ്ങയുടെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.

[8] എന്നിട്ടും ദൈവം തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.

[9] ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; കർത്താവ് അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.

[10] പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു; ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.

[11] വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.

[12] അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു; ദൈവത്തിന് സ്തുതിപാടുകയും ചെയ്തു.

[13] എങ്കിലും അവർ വേഗത്തിൽ കർത്താവിന്റെ പ്രവൃത്തികളെ മറന്നു; ദൈവത്തിന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.

[14] മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.

[15] അവർ അപേക്ഷിച്ചത് ദൈവം അവർക്ക് കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.

[16] പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.

[17] ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.

[18] അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.

[19] അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.

[20] ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ പുല്ല് തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി.

[21] ഈജിപ്റ്റിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും

[22] ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു.

[23] ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു; അവിടുത്തെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ അവിടുത്തെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ ദൈവം അവരെ നശിപ്പിച്ചുകളയുമായിരുന്നു.

[24] അവർ മനോഹരദേശത്തെ നിരസിച്ചു; അവിടുത്തെ വചനം വിശ്വസിച്ചതുമില്ല.

[25] അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.

[26] അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും

[27] അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്ക് വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.

[28] അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു; മരിച്ചവർക്കുള്ള ബലികൾ തിന്നു.

[29] ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു; പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി.

[30] അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിന്നുപോകുകയും ചെയ്തു.

[31] അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായി എണ്ണിയിരിക്കുന്നു.

[32] മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു.

[33] അവർ അവനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.

[34] യഹോവ അവരോടു കല്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല.

[35] അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു.

[36] അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു.

[37] തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു.

[38] അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.

[39] ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു, അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.

[40] അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; ദൈവം തന്റെ അവകാശത്തെ വെറുത്തു.

[41] കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു; അവരെ വെറുത്തവർ അവരെ ഭരിച്ചു.

[42] അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു.

[43] പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു; എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു; അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു.

[44] എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു.

[45] ദൈവം അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു; തന്റെ മഹാദയയാൽ മനസ്സുമാറ്റി.

[46] അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോട് കനിവ് തോന്നുമാറാക്കി.

[47] ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും അവിടുത്തെ സ്തുതിയിൽ പ്രശംസിക്കുവാനും ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ.

[48] യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിക്കുവിൻ.

സങ്കീർത്തനങ്ങൾ — Chapters