[1] യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ അവിടുത്തെ ദയ എന്നേക്കുമുള്ളത്!
[2] യഹോവ വൈരിയുടെ കയ്യിൽനിന്ന് വീണ്ടെടുക്കുകയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
[3] ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ കർത്താവിന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
[4] അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
[5] അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
[6] അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.
[7] അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് ദൈവം അവരെ ശരിയായ വഴിയിൽ നടത്തി.
[8] അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
[9] കർത്താവ് ആർത്തിയുള്ളവന് തൃപ്തി വരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.
[10] ദൈവത്തിന്റെ വചനങ്ങളോട് മത്സരിക്കുകയും അത്യുന്നതനായ ദൈവത്തിന്റെ ആലോചന നിരസിക്കുകയും ചെയ്ത് അവർ ഇരുളിലും അന്ധതമസ്സിലും ഇരുന്നു.
[11] അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
[12] അവരുടെ ഹൃദയത്തെ ദൈവം കഷ്ടതകൊണ്ട് താഴ്ത്തി; അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.
[13] അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; ദൈവം അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.
[14] ദൈവം അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു.
[15] അവർ യഹോവയെ, അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
[16] ദൈവം താമ്രകതകുകൾ തകർത്തു, ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു.
[17] ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
[18] അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു.
[19] അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
[20] ദൈവം തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
[21] അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
[22] അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും സംഗീതത്തോടുകൂടി ദൈവത്തിന്റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ.
[23] കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
[24] അവർ യഹോവയുടെ പ്രവൃത്തികളും ആഴിയിൽ കർത്താവിന്റെ അത്ഭുതങ്ങളും കണ്ടു.
[25] അവിടുന്ന് കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു, സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി.
[26] അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ ധൈര്യം കഷ്ടത്താൽ ഉരുകിപ്പോയി.
[27] അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി കെട്ടുപോയിരുന്നു.
[28] അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്ന് വിടുവിച്ചു.
[29] ദൈവം കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
[30] ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് കർത്താവ് അവരെ എത്തിച്ചു.
[31] അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
[32] അവർ ജനത്തിന്റെ സഭയിൽ അവിടുത്തെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവിടുത്തെ സ്തുതിക്കുകയും ചെയ്യട്ടെ.
[33] നിവാസികളുടെ ദുഷ്ടതനിമിത്തം ദൈവം നദികളെ മരുഭൂമിയും
[34] നീരുറവുകളെ വരണ്ടനിലവും ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി.
[35] ദൈവം മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
[36] വിശന്നവരെ അവിടുന്ന് അവിടെ താമസിപ്പിച്ചു; അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതയ്ക്കുകയും
[37] മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു.
[38] ദൈവം അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവിടുന്ന് ഇട വരുത്തിയില്ല.
[39] പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.
[40] ദൈവം ശത്രുക്കളെ ഭരിക്കുന്നവരുടെ മേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരായും ചെയ്യുന്നു.
[41] കർത്താവ് ദരിദ്രനെ പീഡയിൽനിന്നുയർത്തി അവന്റെ കുലങ്ങളെ ആട്ടിൻകൂട്ടംപോലെ ആക്കി.
[42] നേരുള്ളവർ ഇതു കണ്ട് സന്തോഷിക്കും; നീതികെട്ടവർ എല്ലാവരും വായ് പൊത്തും.
[43] ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും.