Skip to content
Opens in a new window
Listen to this chapter • 1:34

[1] ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?

[2] യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:

[3] “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് അവരുടെ കയറുകൾ എറിഞ്ഞുകളയുക”.

[4] സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു.

[5] അന്ന് അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

[6] “എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”.

[7] ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

[8] എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്ക് ജനതകളെ അവകാശമായും ഭൂമിയുടെ അറുതികളെ കൈവശമായും തരും;

[9] ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും”.

[10] ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ.

[11] ഭയത്തോടെ യഹോവയെ സേവിക്കുവിൻ; വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.

[12] ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

സങ്കീർത്തനങ്ങൾ — Chapters