Skip to content
Opens in a new window
Listen to this chapter • 2:01

[1] കർത്താവേ, അവിടുന്ന് തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;

[2] പർവ്വതങ്ങൾ ഉണ്ടായതിനും അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ് അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.

[3] അങ്ങ് മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു; “മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ” എന്നും അരുളിച്ചെയ്യുന്നു.

[4] ആയിരം സംവത്സരം അവിടുത്തെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു.

[5] അവിടുന്ന് മനുഷ്യരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു.

[6] അത് രാവിലെ തഴച്ചുവളരുന്നു; വൈകുന്നേരം അത് വാടി കരിഞ്ഞുപോകുന്നു.

[7] ഞങ്ങൾ അങ്ങയുടെ കോപത്താൽ ക്ഷയിച്ചും അങ്ങയുടെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു.

[8] അങ്ങ് ഞങ്ങളുടെ അകൃത്യങ്ങൾ അങ്ങയുടെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങൾ അങ്ങയുടെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു.

[9] ഞങ്ങളുടെ നാളുകൾ എല്ലാം അങ്ങയുടെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങൾ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.

[10] ഞങ്ങളുടെ ആയുഷ്കാലം എഴുപത് സംവത്സരം; ഏറെ ആയാൽ എൺപത്; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു.

[11] അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങയുടെ കോപത്തിന്റെ ശക്തിയെയും അങ്ങയുടെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്?

[12] ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ.

[13] യഹോവേ, മടങ്ങിവരണമേ; എത്രത്തോളം താമസം? അടിയങ്ങളോട് സഹതാപം തോന്നണമേ.

[14] കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.

[15] അവിടുന്ന് ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കണമേ.

[16] അങ്ങയുടെ ദാസന്മാർക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കൾക്ക് അങ്ങയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ.

[17] ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരണമേ.

സങ്കീർത്തനങ്ങൾ — Chapters