Skip to content
Opens in a new window
Listen to this chapter • 1:42

[1] നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, കർത്താവിന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.

[2] മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.

[3] അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു.

[4] ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; അവർ ഒന്നിച്ച് കടന്നുപോയി.

[5] അവർ അത് കണ്ട് അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി.

[6] അവർക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു.

[7] അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് തർശീശ് കപ്പലുകൾ തകർത്ത് കളയുന്നു.

[8] നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. സേലാ.

[9] ദൈവമേ, അങ്ങയുടെ മന്ദിരത്തിൽ വച്ച് ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.

[10] ദൈവമേ, തിരുനാമംപോലെ തന്നെ അങ്ങയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; അങ്ങയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.

[11] അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും യെഹൂദജനം ആനന്ദിക്കുകയും ചെയ്യുന്നു.

[12] സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ.

[13] വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ.

[14] ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; അവിടുന്ന് നമ്മെ ജീവപര്യന്തം വഴിനടത്തും.

സങ്കീർത്തനങ്ങൾ — Chapters