Skip to content
Opens in a new window
Listen to this chapter • 8:13

[1] എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ; എന്റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ.

[2] ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.

[3] നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു.

[4] നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.

[5] ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു.

[6] വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ, അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും.

[7] അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും

[8] അവരുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ, ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന് തന്നെ.

[9] ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.

[10] അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; കർത്താവിന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു.

[11] അവർ ദൈവത്തിന്റെ പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു.

[12] കർത്താവ് ഈജിപ്റ്റ് ദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പൂര്‍വ്വ പിതാക്കന്മാരുടെ കൺമുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു.

[13] ദൈവം സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി; കർത്താവ് വെള്ളത്തെ ചിറപോലെ നില്‍ക്കുമാറാക്കി.

[14] പകൽ സമയത്ത് അവിടുന്ന് മേഘംകൊണ്ടും രാത്രിമുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.

[15] ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു.

[16] പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.

[17] എങ്കിലും അവർ കർത്താവിനോട് പാപംചെയ്തു; അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു.

[18] അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.

[19] അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?”

[20] ദൈവം പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി, സത്യം; “എന്നാൽ അപ്പംകൂടി തരുവാൻ ദൈവത്തിന് കഴിയുമോ? തന്റെ ജനത്തിന് ദൈവം മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു.

[21] ആകയാൽ യഹോവ അത് കേട്ട് കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.

[22] അവർ ദൈവത്തിൽ വിശ്വസിക്കുകയും കർത്താവിന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ.

[23] അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.

[24] അവർക്ക് തിന്നുവാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്ക് കൊടുത്തു.

[25] മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; കർത്താവ് അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.

[26] ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.

[27] ദൈവം അവർക്ക് പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;

[28] അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.

[29] അങ്ങനെ അവർ തിന്ന് തൃപ്തരായി. അവർ ആഗ്രഹിച്ചത് അവിടുന്ന് അവർക്ക് കൊടുത്തു.

[30] അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,

[31] ദൈവത്തിന്റെ കോപം അവരുടെ മേൽ വന്നു; അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.

[32] ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു; ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.

[33] അതുകൊണ്ട് ദൈവം അവരുടെ നാളുകളെ ശ്വാസം പോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.

[34] ദൈവം അവരെ കൊല്ലുമ്പോൾ അവർ ദൈവത്തെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.

[35] ദൈവം അവരുടെ പാറ എന്നും അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.

[36] എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും നാവുകൊണ്ട് ദൈവത്തോട് ഭോഷ്ക് പറയും.

[37] അവരുടെ ഹൃദയം ദൈവത്തിൽ സ്ഥിരമായിരുന്നില്ല; കർത്താവിന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.

[38] എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.

[39] അവർ കേവലം ജഡം അത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും കർത്താവ് ഓർത്തു.

[40] മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു! ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു!

[41] അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു.

[42] ഈജിപ്റ്റിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവിടുത്തെ കയ്യും

[43] കർത്താവ് ശത്രുവിന്റെ കയ്യിൽനിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.

[44] ദൈവം അവരുടെ നദികളെയും തോടുകളെയും അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു.

[45] ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു.

[46] അവരുടെ വിള അവിടുന്ന് തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.

[47] ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.

[48] ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു.

[49] ദൈവം അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ.

[50] ദൈവം തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു.

[51] ദൈവം ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.

[52] എന്നാൽ തന്റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.

[53] ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.

[54] ദൈവം അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.

[55] അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു.

[56] എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല.

[57] അവർ അവരുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.

[58] അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു.

[59] ദൈവം അത് കേട്ട് ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.

[60] അതുകൊണ്ട് ദൈവം ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും ഉപേക്ഷിച്ചു.

[61] തന്റെ ബലത്തെ പ്രവാസത്തിലും തന്റെ നിയമ പെട്ടകത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു.

[62] ദൈവം തന്റെ അവകാശത്തോട് കോപിച്ചു; തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു.

[63] അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല.

[64] അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.

[65] അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.

[66] ദൈവം തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.

[67] എന്നാൽ കർത്താവ് യോസേഫിന്റെ കൂടാരത്തെ ത്യജിച്ച്; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.

[68] ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.

[69] താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്റെ വിശുദ്ധമന്ദിരത്തെ പണിതു.

[70] കർത്താവ് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി.

[71] തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.

[72] അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു; കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.

സങ്കീർത്തനങ്ങൾ — Chapters