[1] യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കണമേ.
[2] അവൻ യഹോവയോടു സത്യംചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:
[3] “യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ
[4] ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
[5] ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല”.
[6] നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ട് വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.
[7] നാം ദൈവത്തിന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക.
[8] യഹോവേ, അങ്ങയുടെ ബലത്തിന്റെ പെട്ടകവുമായി അങ്ങയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ.
[9] അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
[10] അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത് അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ.
[11] “ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തും;
[12] നിന്റെ മക്കൾ എന്റെ നിയമവും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല.
[13] യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.
[14] “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;
[15] അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും.
[16] അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
[17] അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.
[18] ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും”.