[1] എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.
[2] ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു.
[3] അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു.
[4] എന്റെ സ്നേഹത്തിന് പകരം അവർ എന്നെ കുറ്റം ചുമത്തുന്നു; എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.
[5] നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിന് പകരം ദ്വേഷവും അവർ എന്നോട് കാണിച്ചിരിക്കുന്നു.
[6] അങ്ങ് അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കണമേ; സാത്താൻ അവന്റെ വലത്തുഭാഗത്തു നില്‍ക്കട്ടെ.
[7] അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർത്ഥന പാപമായിത്തീരട്ടെ.
[8] അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.
[9] അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.
[10] അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ;
[11] കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
[12] അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ; അനാഥരായ അവന്റെ മക്കളോട് ആർക്കും കരുണ തോന്നരുതേ.
[13] അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേര് മാഞ്ഞു പോകട്ടെ;
[14] അവന്റെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
[15] അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നേ.
[16] അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
[17] ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ.
[18] അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അവ വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും പ്രവേശിക്കട്ടെ.
[19] ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും നിത്യം അരയ്ക്ക് കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.
[20] ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്ക് വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ.
[21] കർത്താവായ യഹോവേ, അങ്ങയുടെ നാമംനിമിത്തം എന്നോട് ചെയ്യണമേ; അങ്ങയുടെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കണമേ.
[22] ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു.
[23] ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു.
[24] എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു.
[25] ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
[26] എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; അങ്ങയുടെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കണമേ.
[27] യഹോവേ, ഇതു അങ്ങയുടെ കൈ എന്നും അങ്ങ് ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന് തന്നെ.
[28] അവർ ശപിക്കട്ടെ; അവിടുന്ന് അനുഗ്രഹിക്കണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അങ്ങയുടെ ദാസനായ അടിയനോ സന്തോഷിക്കും;
[29] എന്റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; പുതപ്പ് പുതയ്ക്കുന്നതു പോലെ അവർ ലജ്ജ പുതയ്ക്കും.
[30] ഞാൻ എന്റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ ദൈവത്തെ പുകഴ്ത്തും.
[31] ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ ദൈവം ബലഹീനന്റെ വലത്തുഭാഗത്തു നില്ക്കുന്നു.