[1] സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
[2] എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
[3] കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, അവിടുത്തെ യാഗപീഠങ്ങളെ തന്നെ.
[4] അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
[5] ബലം അങ്ങയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.
[6] കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു.
[7] അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
[8] സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ. സേലാ.
[9] ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ; അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ;
[10] അങ്ങയുടെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലയോ?; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം.
[11] യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല.
[12] സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.