Skip to content
Opens in a new window
Listen to this chapter • 2:26

[1] എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

[2] എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്.

[3] ദൈവം നിന്റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു;

[4] കർത്താവ് നിന്റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു.

[5] നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവിടുന്ന് നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.

[6] യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.

[7] ദൈവം തന്റെ വഴികൾ മോശെയെയും തന്റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു.

[8] യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.

[9] ദൈവം എല്ലായ്പോഴും ഭർത്സിക്കുകയില്ല; എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല.

[10] ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല.

[11] ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു.

[12] ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.

[13] അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു.

[14] കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്ന് അവിടുന്ന് ഓർക്കുന്നു.

[15] മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു.

[16] കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല.

[17] യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും തന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.

[18] കർത്താവിന്റെ നിയമം പ്രമാണിക്കുന്നവർക്കും അവിടുത്തെ കല്പനകൾ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.

[19] യഹോവ തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവിടുത്തെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു.

[20] ദൈവത്തിന്റെ വാക്കുകളുടെ ശബ്ദം കേട്ട് അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ.

[21] ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവിടുത്തെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ;

[22] ദൈവത്തിന്റെ അധികാരത്തിന്റെ കീഴിലുള്ള കർത്താ‍വിന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.

സങ്കീർത്തനങ്ങൾ — Chapters