Skip to content
Opens in a new window
Listen to this chapter • 2:15

[1] ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന യിസ്രായേലിന്റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കണമേ.

[2] എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം അങ്ങയുടെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷക്കായി വരണമേ.

[3] ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.

[4] സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം നീ കോപിക്കും?

[5] അങ്ങ് അവർക്ക് കണ്ണുനീരിന്റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു; ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു.

[6] അങ്ങ് ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്ക് വഴക്കാക്കിത്തീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.

[7] സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.

[8] അങ്ങ് ഈജിപ്റ്റിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ട് വന്നു; ജനതതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.

[9] അങ്ങ് അതിന് തടം എടുത്തു അത് വേരൂന്നി ദേശത്ത് പടർന്നു.

[10] അതിന്റെ നിഴൽകൊണ്ട് പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.

[11] അത് കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.

[12] വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം അവിടുന്ന് അതിന്റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്?

[13] കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.

[14] സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരണമേ; സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദർശിക്കണമേ.

[15] അങ്ങയുടെ വലങ്കൈ നട്ടതും അങ്ങേയ്ക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ.

[16] അതിനെ തീവച്ചു ചുടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു; അങ്ങയുടെ മുഖത്തുനിന്നുള്ള ഭർസനത്താൽ അവർ നശിച്ചുപോകുന്നു.

[17] അങ്ങയുടെ കൈ അവിടുത്തെ വലത്തുഭാഗത്തെ പുരുഷന്റെമേൽ അങ്ങേയ്ക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.

[18] എന്നാൽ ഞങ്ങൾ അങ്ങയെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കണമേ, എന്നാൽ ഞങ്ങൾ അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കും.

[19] സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.

സങ്കീർത്തനങ്ങൾ — Chapters