[1] ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
[2] ഇതാ, അങ്ങയുടെ ശത്രുക്കൾ കലഹിക്കുന്നു; അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു.
[3] അവർ അങ്ങയുടെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കുകയും അങ്ങേക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു.
[4] “വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക. അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്ന് അവർ പറഞ്ഞു.
[5] അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, അങ്ങേക്കു വിരോധമായി സഖ്യം ചെയ്യുന്നു.
[6] ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും,
[7] ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;
[8] അശ്ശൂരും അവരോട് യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. സേലാ.
[9] മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യണമേ; കീശോൻതോട്ടിനരികിൽ വച്ച് സീസെരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.
[10] അവർ ഏൻ-ദോരിൽവച്ച് നശിച്ചുപോയി; അവർ നിലത്തിന് വളമായിത്തീർന്നു.
[11] അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ.
[12] “നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്ന് അവർ പറഞ്ഞുവല്ലോ.
[13] എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കണമേ.
[14] വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
[15] അങ്ങയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരണമേ; അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കണമേ.
[16] യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് അങ്ങ് അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കണമേ.
[17] അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ.
[18] അങ്ങനെ അവർ യഹോവ എന്ന് നാമമുള്ള അങ്ങ് മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്ന് അറിയും.