Skip to content
Opens in a new window

[1] ദൈവമേ, മൗനമായിരിക്കരുതേ; ദൈവമേ, അവിടന്ന് ചെവി അടച്ചും നിഷ്ക്രിയനായും ഇരിക്കരുതേ.

[2] ഇതാ! അങ്ങയുടെ ശത്രുക്കൾ ഗർജിക്കുന്നു, അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു.

[3] അങ്ങയുടെ ജനത്തിനെതിരേ അവർ കുടിലതന്ത്രങ്ങൾ മെനയുന്നു; അങ്ങയുടെ പരിലാളനയിലിരിക്കുന്നവർക്കെതിരേ ഗൂഢാലോചന നടത്തുന്നു.

[4] “വരിക,” അവർ പറയുന്നു, “അവർ ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്കവരെ തുടച്ചുനീക്കാം, ഇസ്രായേൽ എന്ന പേര് ഇനി ഒരിക്കലും ഓർക്കാതിരിക്കട്ടെ.”

[5] അവർ ഏകമനസ്സോടെ ഗൂഢാലോചന നടത്തുന്നു; അവർ അവിടത്തേക്കെതിരായി ഒരു സഖ്യം രൂപപ്പെടുത്തുന്നു—

[6] ഏദോമ്യരുടെയും യിശ്മായേല്യരുടെയും മോവാബ്യരുടെയും ഹഗര്യരുടെയും കൂടാരങ്ങളും,

[7] ഗിബാൽ, അമ്മോൻ, അമാലേക്ക്, സോർ നിവാസികളോടുകൂടെ ഫെലിസ്ത്യദേശവും

[8] അശ്ശൂരും അവരോടൊപ്പംചേർന്ന് ലോത്തിന്റെ പിൻതലമുറയ്ക്ക് ശക്തിനൽകുന്നു. സേലാ.

[9] അങ്ങ് മിദ്യാന്യരോട് ചെയ്തതുപോലെ അവരോടും ചെയ്യണമേ, കീശോൻ നദിക്കരികെവെച്ച് സീസെരയോടും യാബീനോടും അങ്ങു പ്രവർത്തിച്ചതുപോലെതന്നെ,

[10] അവർ എൻ-ദോരിൽവെച്ച് തകർന്നടിഞ്ഞ് മണ്ണിനു വളമായിത്തീർന്നു.

[11] അവരിൽ ശക്തരായവരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരിലെ പ്രഭുക്കളെ സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ.

[12] “ദൈവത്തിന്റെ മേച്ചിൽപ്പുറങ്ങളെ നമുക്കു കൈവശമാക്കാം,” എന്ന് അവർ പറഞ്ഞല്ലോ.

[13] എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിലെ പൊടിപോലെയും കാറ്റിൽ പറക്കുന്ന പതിരുപോലെയും ആക്കണമേ.

[14] വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയോ പർവതങ്ങളെ ജ്വലിപ്പിക്കുന്ന ജ്വാലപോലെയോ

[15] അവിടത്തെ കൊടുങ്കാറ്റ് അവരെ പിൻതുടരുകയും അവിടത്തെ ചുഴലിക്കാറ്റിനാൽ അവരെ ഭയപ്പെടുത്തുകയും ചെയ്യണമേ.

[16] യഹോവേ, അവിടത്തെ നാമം അന്വേഷിക്കുന്നതിന് അവരുടെ മുഖം ലജ്ജയാൽ മൂടണമേ.

[17] അവർ എന്നേക്കും ലജ്ജിതരാകുകയും ഭ്രമിക്കുകയും ചെയ്യട്ടെ. അവർ അപമാനഭാരത്താൽ നശിക്കട്ടെ.

[18] സർവഭൂമിക്കും അത്യുന്നതനായവൻ അവിടന്നുമാത്രമാണ് എന്നും അവിടത്തെ നാമം യഹോവ എന്ന് ആകുന്നു എന്നും അവർ അറിയട്ടെ. സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.

സങ്കീർത്തനങ്ങൾ — Chapters