Skip to content
Opens in a new window

[1] ഞങ്ങൾക്കല്ല യഹോവേ, ഞങ്ങൾക്കല്ല; അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം തിരുനാമത്തിനുതന്നെ മഹത്ത്വം ഉണ്ടാകട്ടെ.

[2] ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,” എന്നു ചോദിപ്പിക്കുന്നതെന്തിന്?

[3] ഞങ്ങളുടെ ദൈവം സ്വർഗത്തിലുണ്ട്; അവിടന്ന് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.

[4] എന്നാൽ അവരുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്; മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.

[5] അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല; കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.

[6] അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല; മൂക്കുണ്ട് എങ്കിലും മണക്കുന്നില്ല.

[7] അവയ്ക്കു കൈയുണ്ട്, എങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ട്, എങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ട് സംസാരിക്കുന്നതിനും അവയ്ക്കു കഴിവില്ല.

[8] അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു, അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.

[9] ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.

[10] അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.

[11] യഹോവയെ ഭയപ്പെടുന്ന എല്ലാവരുമേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.

[12] യഹോവ നമ്മെ ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും: അവിടന്ന് ഇസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും അവിടന്ന് അഹരോൻഗൃഹത്തെ അനുഗ്രഹിക്കും

[13] യഹോവയെ ഭയപ്പെടുന്ന എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കും— ചെറിയവരെയും വലിയവരെയും ഒരുപോലെതന്നെ.

[14] യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയുംതന്നെ.

[15] ആകാശവും ഭൂമിയും നിർമിച്ച യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.

[16] സ്വർഗം യഹോവയുടേതാകുന്നു, എന്നാൽ ഭൂമി അവിടന്ന് മനുഷ്യർക്കു നൽകിയിരിക്കുന്നു.

[17] മരിച്ചവരാരും യഹോവയെ വാഴ്ത്തുന്നില്ല, നിശ്ശബ്ദതയിൽ ആണ്ടുപോയവരും അങ്ങനെതന്നെ;

[18] എന്നാൽ നാമാണ് യഹോവയെ പുകഴ്ത്തുന്നത്, ഇന്നും എന്നെന്നേക്കും. യഹോവയെ വാഴ്ത്തുക.

സങ്കീർത്തനങ്ങൾ — Chapters