[1] എന്റെ നീതിയായ ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ. എന്റെ കഷ്ടതകളിൽനിന്ന് എനിക്കു മോചനം നൽകണമേ; എന്നോടു കരുണതോന്നി എന്റെ പ്രാർഥന കേൾക്കണമേ.
[2] അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും? എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ പിൻതുടരും? സേലാ.
[3] യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ ഉത്തരമരുളുന്നു.
[4] നടുങ്ങുവിൻ പാപം ചെയ്യാതിരിപ്പിൻ; നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട് മൗനമായിരിക്കുക. സേലാ.
[5] നീതിയാഗങ്ങൾ അർപ്പിക്കുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക.
[6] “നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു. യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
[7] ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു.
[8] ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും, എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത് യഹോവേ, അവിടന്നുതന്നെയാണല്ലോ. സംഗീതസംവിധായകന്. വേണുനാദത്തോടെ.