[1] ശക്തനായ ദൈവം, യഹോവ, അരുളിച്ചെയ്യുന്നു, അവിടന്ന് ഭൂമിയെ വിളിക്കുന്നു സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള സകലരെയും.
[2] ദൈവം പ്രകാശിക്കുന്നു, സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നുതന്നെ.
[3] നമ്മുടെ ദൈവം വരുന്നു അവിടന്നു മൗനമായിരിക്കുകയില്ല; ദഹിപ്പിക്കുന്ന അഗ്നി തിരുമുമ്പിലുണ്ട് അവിടത്തെ ചുറ്റും കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു.
[4] അവിടന്ന് തന്റെ ജനത്തിന്റെ ന്യായവിധിക്കു സാക്ഷികളായി മീതേയുള്ള ആകാശത്തെയും താഴെയുള്ള ഭൂമിയെയും വിളിക്കുന്നു:
[5] “ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക, യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.”
[6] അപ്പോൾ ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കട്ടെ, കാരണം ദൈവംതന്നെ ന്യായാധിപതി ആയിരിക്കും. സേലാ.
[7] “എന്റെ ജനമേ, കേൾക്കുക. ഇതാ ഞാൻ അരുളിച്ചെയ്യുന്നു; ഇസ്രായേലേ, ഞാൻ നിനക്കെതിരായി സാക്ഷ്യംപറയും: ഞാൻ ആകുന്നു ദൈവം, നിങ്ങളുടെ ദൈവംതന്നെ!
[8] നിങ്ങളുടെ യാഗങ്ങൾനിമിത്തമോ നിങ്ങൾ നിരന്തരം അർപ്പിക്കുന്ന ഹോമയാഗങ്ങൾനിമിത്തമോ ഞാൻ നിങ്ങളെ ശാസിക്കുന്നില്ല.
[9] നിങ്ങളുടെ തൊഴുത്തിൽനിന്നുള്ള കാളയോ ആലയിൽനിന്നുള്ള കോലാടോ എനിക്ക് ആവശ്യമില്ല;
[10] ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം.
[11] പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു, വയലിലെ സകലജന്തുക്കളും എന്റെ വകയാണ്.
[12] എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല, കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്.
[13] ഞാൻ കാളകളുടെ മാംസം ഭുജിക്കുമോ? കോലാടുകളുടെ രക്തം പാനംചെയ്യുമോ?
[14] “ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കുക, അത്യുന്നതന് നിന്റെ നേർച്ചകൾ അർപ്പിക്കുക,
[15] അനർഥദിനങ്ങളിൽ എന്നെ വിളിച്ചപേക്ഷിക്കുക; അപ്പോൾ ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.”
[16] എന്നാൽ ദുഷ്ടരോട് ദൈവം ആജ്ഞാപിച്ചു: “എന്റെ നിയമങ്ങൾ ഉരുവിടുന്നതിനോ എന്റെ ഉടമ്പടിയെപ്പറ്റി ഉച്ചരിക്കുന്നതിനോ നിനക്കെന്തവകാശം?
[17] നീ എന്റെ ഉപദേശം വെറുക്കുകയും എന്റെ ആജ്ഞകൾ നിന്റെ പിന്നിൽ എറിഞ്ഞുകളയുകയുംചെയ്യുന്നു.
[18] ഒരു കള്ളനെക്കാണുമ്പോൾ നീ അയാളുമായി ചങ്ങാത്തംകൂടുന്നു; വ്യഭിചാരികളുമായി നീ ഭാഗധേയം പങ്കിടുന്നു.
[19] നിന്റെ വായ് അധർമത്തിനായി ഉപയോഗിക്കുന്നു വഞ്ചനയ്ക്കായി നിന്റെ നാവു നീ ഒരുക്കുന്നു.
[20] നീ നിരന്തരം നിന്റെ സഹോദരനെതിരേ സംസാരിക്കുന്നു നിന്റെ അമ്മയുടെ മകനെപ്പറ്റി അപവാദം പരത്തുന്നു.
[21] ഈ കാര്യങ്ങളൊക്കെ നീ ചെയ്തിട്ടും ഞാൻ മൗനംപാലിച്ചു, ഞാനും നിന്നെപ്പോലെയുള്ള ഒരാളെന്നു നീ നിരൂപിച്ചു. എന്നാൽ ഞാൻ ഇപ്പോൾ നിന്നെ ശാസിക്കും നിനക്കെതിരേ ഞാൻ അവ നിരത്തിവെക്കും.
[22] “ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾക, അല്ലെങ്കിൽ ഞാൻ നിങ്ങളെ ഛിന്നഭിന്നമാക്കും, നിങ്ങളുടെ മോചനത്തിന് ആരും ഉണ്ടാകുകയില്ല:
[23] സ്തോത്രയാഗങ്ങൾ അർപ്പിക്കുന്നവർ എന്നെ ആദരിക്കുന്നു, നിഷ്കളങ്കർക്ക് ഞാൻ എന്റെ ദൈവത്തിന്റെ രക്ഷയെ വെളിപ്പെടുത്തും.” സംഗീതസംവിധായകന്.