[1] നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ, യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.
[2] മഹാരാജാവിന്റെ നഗരമായി സാഫോൺ ഗിരിപോലെയുള്ള സീയോൻപർവതം ഔന്നത്യംകൊണ്ട് മനോഹരവും സർവഭൂമിയുടെ ആനന്ദവും ആകുന്നു.
[3] അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്; അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.
[4] ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു അവർ ഒത്തൊരുമിച്ചു മുന്നേറി,
[5] അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി സംഭീതരായവർ പലായനംചെയ്തു.
[6] അവർക്കൊരു വിറയൽ ബാധിച്ചു പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി.
[7] കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു.
[8] ഞങ്ങൾ കേട്ടതുപോലെതന്നെ ഞങ്ങൾ കണ്ടിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ: ദൈവം എന്നേക്കും അവളെ സുരക്ഷിതയാക്കുന്നു. സേലാ.
[9] ദൈവമേ, അവിടത്തെ ആലയത്തിൽ ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ധ്യാനിക്കുന്നു.
[10] ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ, അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു; അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു.
[11] അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻപർവതം ആനന്ദിക്കുകയും യെഹൂദാപട്ടണങ്ങൾ ആഹ്ലാദിക്കുകയും ചെയ്യുന്നു.
[12] സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക, അവളുടെ ഗോപുരങ്ങൾ എണ്ണുക,
[13] അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക, വരുംതലമുറയോട് അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ.
[14] കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു; അന്ത്യംവരെയും അവിടന്നായിരിക്കും നമ്മുടെ മാർഗദർശി. സംഗീതസംവിധായകന്.