Skip to content
Opens in a new window

[1] ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു, ഹൃദയനൈർമല്യമുള്ളവർക്കുതന്നെ.

[2] എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി; എന്റെ കാൽച്ചുവടുകൾ ഏതാണ്ട് വഴുതിമാറി.

[3] ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ അഹങ്കാരികളോട് ഞാൻ അസൂയപ്പെട്ടു.

[4] അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല; അവരുടെ ശരീരം ആരോഗ്യവും ശക്തിയുമുള്ളത്.

[5] അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല; ഇതര മനുഷ്യരെപ്പോലെ രോഗാതുരർ ആകുന്നില്ല.

[6] അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു; അക്രമംകൊണ്ടവർ അങ്കി ധരിക്കുന്നു

[7] അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടസങ്കൽപ്പങ്ങൾക്ക് അതിരുകളില്ല.

[8] അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു; ധിക്കാരപൂർവമവർ പീഡനഭീഷണി മുഴക്കുന്നു.

[9] അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു, അവരുടെ നാവ് ഭൂമിയെ അധീനതയിലാക്കുന്നു.

[10] അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു അവർ ധാരാളം വെള്ളം കുടിച്ചുതീർക്കുന്നു.

[11] “ദൈവം എങ്ങനെ അറിയും? അത്യുന്നതന് അറിവുണ്ടോ?” എന്നിങ്ങനെ അവർ ചോദിക്കുന്നു.

[12] ദുഷ്ടർ ഇപ്രകാരമാണ്— അവർ എപ്പോഴും സ്വസ്ഥരായിരുന്ന് സമ്പത്തു വർധിപ്പിക്കുന്നു.

[13] ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വൃഥാവിലായി, നിശ്ചയം.

[14] ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഓരോ പ്രഭാതത്തിലും ഞാൻ ശിക്ഷ അനുഭവിക്കുന്നു.

[15] ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ, അങ്ങയുടെ മക്കളുടെ തലമുറയെ ഞാൻ വഞ്ചിക്കുമായിരുന്നു.

[16] ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു എന്നാൽ എനിക്കത് ക്ലേശകരമായിരുന്നു.

[17] അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു; അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു.

[18] അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം; അവിടന്ന് അവരെ നാശത്തിലേക്കു തള്ളിയിടുന്നു.

[19] അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു, കൊടുംഭീകരതകളാൽ അവർ നിശ്ശേഷം തുടച്ചുനീക്കപ്പെടുന്നു!

[20] കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ, ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന ഒരാളെപ്പോലെ അവിടന്ന് അവരെ വെറുക്കുമല്ലോ; ഒരു മായക്കാഴ്ചപോലെ അവരെ നിന്ദിച്ചുതള്ളുമല്ലോ.

[21] എന്റെ ഹൃദയത്തിൽ കയ്‌പു നിറയുകയും എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ,

[22] തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു.

[23] എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു; അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.

[24] അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു, അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു.

[25] സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

[26] എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം, എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.

[27] അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും; അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും.

[28] എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്. കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു; അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.

സങ്കീർത്തനങ്ങൾ — Chapters