[1] യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ മനസ്സ് ഉയർത്തുന്നു.
[2] എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ.
[3] അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും ഒരിക്കലും ലജ്ജിച്ചുപോകുകയില്ല, എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ ലജ്ജിതരായിത്തീരട്ടെ.
[4] യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ, അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ.
[5] അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ, കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം, ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.
[6] യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ, അത് പുരാതനകാലംമുതലേ ഉള്ളതാണല്ലോ.
[7] എന്റെ യൗവനകാല പാപങ്ങളും എന്റെ ലംഘനങ്ങളും ഓർമിക്കരുതേ; അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ ഓർക്കണമേ, കാരണം യഹോവേ, അവിടന്ന് നല്ലവനല്ലോ.
[8] യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു; അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു.
[9] വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു തന്റെ വഴി അവരെ പഠിപ്പിക്കുന്നു.
[10] അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ യഹോവ അചഞ്ചലസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ നയിക്കുന്നു.
[11] എന്റെ അകൃത്യങ്ങൾ, അതെത്ര വലുതായാലും യഹോവേ, തിരുനാമത്തെപ്രതി അവ ക്ഷമിക്കണമേ.
[12] യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്? അവർ തെരഞ്ഞെടുക്കേണ്ട വഴി അവിടന്ന് അവർക്ക് ഉപദേശിച്ചുകൊടുക്കും.
[13] അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും.
[14] യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു; അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു.
[15] എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു, കാരണം അവിടന്ന് എന്നെ എന്റെ ശത്രുവിന്റെ കെണിയിൽനിന്നു മോചിപ്പിക്കുന്നു.
[16] എന്റെനേർക്കു തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ, കാരണം, ഞാൻ ഏകാകിയും പീഡിതനും ആകുന്നു.
[17] എന്റെ ഹൃദയവ്യഥ അത്യന്തം വർധിച്ചിരിക്കുന്നു എന്റെ ദുരിതങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
[18] എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ എന്റെ പാപങ്ങളെല്ലാം ക്ഷമിക്കണമേ.
[19] എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു!
[20] എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ; എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു.
[21] പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ, കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ.
[22] ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ, അവരുടെ സകലവിധ ദുരിതങ്ങളിൽനിന്നുംതന്നെ!