Skip to content
Opens in a new window

[1] ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും; അവിടത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഇരിക്കും.

[2] എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു; പീഡിതർ കേൾക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെ.

[3] എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക; നമുക്കൊരുമിച്ച് അവിടത്തെ നാമം വാഴ്ത്താം.

[4] ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി; എന്റെ എല്ലാ ഭയങ്ങളിൽനിന്നും അവിടന്ന് എന്നെ വിടുവിച്ചു.

[5] അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു; അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.

[6] ഈ എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു, യഹോവ കേട്ടു; അവിടന്ന് സകലവിധ പ്രയാസങ്ങളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചു.

[7] യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു, അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.

[8] യഹോവ നല്ലവനെന്ന് രുചിച്ചറിയുക; അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.

[9] യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.

[10] സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം, എന്നാൽ യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകുന്നില്ല.

[11] എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.

[12] ജീവനെ സ്നേഹിക്കുകയും സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ

[13] നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

[14] തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

[15] യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;

[16] എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു, അവരുടെ ഓർമയെ ഭൂമിയിൽനിന്നു മായിച്ചുകളയേണ്ടതിനുതന്നെ.

[17] നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു; അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.

[18] ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.

[19] നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;

[20] അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു, അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.

[21] അധർമം ദുഷ്ടരെ കൊല്ലുന്നു; നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും.

[22] യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു; അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.

സങ്കീർത്തനങ്ങൾ — Chapters