[1] ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു, അങ്ങയുടെ നാമം സമീപമായിരിക്കുകയാൽ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; ജനം അവിടത്തെ അത്ഭുതപ്രവൃത്തികളെ വർണിക്കുന്നു.
[2] ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു; നീതിപൂർവം ന്യായംവിധിക്കുന്നതും ഞാൻ ആകുന്നു.
[3] ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾ അതിന്റെ തൂണുകളെ ഉറപ്പിച്ചുനിർത്തുന്നതും ഞാൻ ആകുന്നു. സേലാ.
[4] അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നും ദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ് ഉയർത്തരുത്
[5] നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’ ” എന്നും ഞാൻ അരുളിച്ചെയ്യുന്നു.
[6] കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച കൈവരുന്നത്.
[7] വിധി കൽപ്പിക്കുന്നത് ദൈവം ആകുന്നു: അവിടന്ന് ഒരാളെ താഴ്ത്തുകയും മറ്റൊരാളെ ഉയർത്തുകയും ചെയ്യുന്നു.
[8] സുഗന്ധദ്രവ്യങ്ങൾ ചേർത്തതും നുരഞ്ഞുപൊങ്ങുന്നതുമായ വീഞ്ഞുനിറച്ച ഒരു പാനപാത്രം യഹോവയുടെ കൈയിൽ ഉണ്ട്; അവിടന്ന് അത് പകരുന്നു, ഭൂമിയിലെ സകലദുഷ്ടരും അതിന്റെ മട്ടുവരെ ഊറ്റിക്കുടിക്കുന്നു.
[9] എന്നാൽ ഞാൻ, ഞാൻ ഇത് എന്നേക്കും പ്രഘോഷിക്കും; ഞാൻ യാക്കോബിന്റെ ദൈവത്തിനു സ്തോത്രമർപ്പിക്കും.
[10] അവിടന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എല്ലാ ദുഷ്ടരുടെയും കൊമ്പുകൾ ഛേദിച്ചുകളയും, എന്നാൽ നീതിനിഷ്ഠരുടെ കൊമ്പുകൾ ഉയർത്തപ്പെടും.” സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.