[1] യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു; വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു.
[2] എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു; അവർ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു.
[3] മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ—
[4] അവർ പറയുന്നു, “ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ— ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?”
[5] “പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം, ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”
[6] യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു, കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി, ശുദ്ധിചെയ്ത വെള്ളിപോലെയാണ്.
[7] യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും,
[8] മനുഷ്യർക്കിടയിൽ നിന്ദ്യമായവ ആദരിക്കപ്പെടുമ്പോൾ ദുഷ്ടർ എല്ലായിടത്തും സ്വതന്ത്രരായി വിഹരിക്കുന്നു. സംഗീതസംവിധായകന്.