[1] ഭരണാധിപരേ, നിങ്ങളുടെ ഭാഷണം നീതിയുക്തമാണോ? നിങ്ങൾ ജനത്തെ മുഖപക്ഷമില്ലാതെയാണോ വിധിക്കുന്നത്?
[2] അല്ല! നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ അനീതി രൂപപ്പെടുത്തുകയും നിങ്ങളുടെ കരങ്ങൾ ഭൂമിയിൽ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു.
[3] ദുഷ്ടർ അവരുടെ ജന്മദിനംമുതൽതന്നെ വഴിപിഴച്ചുപോകുന്നു; ജനനംമുതൽതന്നെ വ്യാജംപറഞ്ഞ് അപഥസഞ്ചാരികളുമായിരിക്കുന്നു.
[4] അവർക്കു സർപ്പസമാനമായ വിഷമുണ്ട്, അവർ ചെവിയടഞ്ഞ മൂർഖനെപ്പോലെ ബധിരരാണ്,
[5] അത് പാമ്പാട്ടിയുടെ മകുടിക്കനുസരിച്ച് ആടുകയില്ല, അതിവിദഗ്ദ്ധരായ മാന്ത്രികരുടെ സ്വരം ശ്രദ്ധിക്കുന്നതുമില്ല.
[6] ദൈവമേ, അവരുടെ വായിലെ പല്ല് തകർക്കണമേ; യഹോവേ, ആ സിംഹങ്ങളുടെ താടിയെല്ലുകൾ പറിച്ചുകളയണമേ!
[7] ഒഴുകിപ്പായുന്ന വെള്ളംപോലെ അവർ ഇല്ലാതെയാകട്ടെ; അവർ വില്ലുകുലച്ച് അസ്ത്രങ്ങൾ തൊടുത്തുവിടുമ്പോൾ, അവ ലക്ഷ്യം കാണാതിരിക്കട്ടെ.
[8] ഇഴഞ്ഞുനീങ്ങുമ്പോൾ അലിഞ്ഞുപോകുന്ന ഒച്ചുപോലെ അവർ ഇല്ലാതെയാകട്ടെ, ചാപിള്ളപോലെ അവർ ഒരിക്കലും സൂര്യപ്രകാശം കാണാത്തവരായിരിക്കട്ടെ.
[9] നിങ്ങളുടെ കലങ്ങൾക്കടിയിൽ മുള്ളുകൾ കത്തിയെരിയുന്ന—അവ പച്ചയോ ഉണങ്ങിയതോ ആയിക്കൊള്ളട്ടെ—ചൂടുതട്ടുന്നതിനുമുമ്പുതന്നെ ദുഷ്ടർ തൂത്തെറിയപ്പെടും.
[10] അനീതിപ്രവർത്തിക്കുന്നവരുടെമേൽ പ്രതികാരം നടത്തുമ്പോൾ നീതിനിഷ്ഠർ ആനന്ദിക്കും, അവർ അവരുടെ കാൽ ദുഷ്ടരുടെ രക്തത്തിൽ കഴുകുമ്പോൾത്തന്നെ.
[11] അപ്പോൾ ജനം പറയും: “നീതിനിഷ്ഠർക്ക് പ്രതിഫലമുണ്ട്, നിശ്ചയം; ഭൂമിയിൽ ന്യായവിധി നടപ്പിലാക്കുന്ന ഒരു ദൈവവുമുണ്ട്, നിശ്ചയം.” സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.