[1] ദൈവമേ, എന്റെ കരച്ചിൽ കേൾക്കണമേ; എന്റെ പ്രാർഥന ശ്രവിക്കണമേ.
[2] ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു, എന്റെ ഹൃദയം തകർന്നിരിക്കുമ്പോഴല്ലോ ഞാൻ വിളിച്ചപേക്ഷിക്കുന്നത്; എന്നെക്കാൾ ഉന്നതമായ പാറയിലേക്ക് എന്നെ നയിച്ചാലും.
[3] കാരണം, അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു, എന്റെ ശത്രുക്കൾക്ക് അപ്രാപ്യമായ ശക്തിഗോപുരവുംതന്നെ.
[4] ഞാൻ അവിടത്തെ കൂടാരത്തിൽ എന്നേക്കും അധിവസിക്കാൻ അഭിലഷിക്കുന്നു അവിടത്തെ ചിറകുകളുടെ പരിരക്ഷയിൽ ഞാൻ അഭയംതേടുന്നു. സേലാ.
[5] ദൈവമേ, അവിടന്നെന്റെ നേർച്ചകൾ കേട്ടിരിക്കുന്നു; അവിടത്തെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള പൈതൃകാവകാശം അങ്ങ് എനിക്കു നൽകിയിരിക്കുന്നു.
[6] രാജാവിന്റെ ആയുസ്സ് സുദീർഘമാക്കണമേ അദ്ദേഹത്തിന്റെ സംവത്സരങ്ങൾ അനേകം തലമുറകളിലൂടെ തുടരണമേ.
[7] ദൈവത്തിന്റെ സംരക്ഷണത്തിൽ രാജാവ് എന്നേക്കും വാഴട്ടെ; അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തിന് സംരക്ഷണമരുളണമേ.
[8] അപ്പോൾ ഞാൻ അവിടത്തെ നാമത്തിന് എപ്പോഴും സ്തുതിപാടുകയും എന്റെ നേർച്ചകൾ പ്രതിദിനം അർപ്പിക്കുകയും ചെയ്യും. സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.