Skip to content
Opens in a new window

[1] ദൈവമേ, ഇതര ജനതകൾ അവിടത്തെ ഓഹരി പിടിച്ചടക്കിയിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു ജെറുശലേമിനെ അവർ ഒരു കൽക്കൂമ്പാരമായി മാറ്റിയിരിക്കുന്നു.

[2] അങ്ങയുടെ സേവകരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്ക് ഇരയായി നൽകിയിരിക്കുന്നു, അവിടത്തെ വിശുദ്ധജനത്തിന്റെ മാംസം ഭൂമിയിലെ വന്യമൃഗങ്ങൾക്കും.

[3] ജെറുശലേമിനുചുറ്റും അവർ വെള്ളംപോലെ രക്തപ്പുഴ ഒഴുക്കി, മരിച്ചവരെ സംസ്കരിക്കാൻ ആരും അവശേഷിക്കുന്നില്ല.

[4] ഞങ്ങളുടെ അയൽവാസികൾക്ക് ഞങ്ങൾ അധിക്ഷേപത്തിന്റെ ഇരയായി, ചുറ്റുപാടുമുള്ളവർക്ക് ഞങ്ങൾ അവജ്ഞയും അപഹാസവും ആയിരിക്കുന്നു.

[5] ഇനിയും എത്രനാൾ, യഹോവേ? അങ്ങ് എന്നേക്കും ക്രോധാകുലനായിരിക്കുമോ? അങ്ങയുടെ അസഹിഷ്ണുത അഗ്നിപോലെ ഞങ്ങൾക്കെതിരായി എത്രകാലം ജ്വലിക്കും?

[6] അവിടത്തെ അംഗീകരിക്കാത്ത ജനതകളുടെമേലും അവിടത്തെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും അവിടത്തെ ക്രോധം ചൊരിയണമേ;

[7] കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും അവന്റെ സ്വദേശത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

[8] ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ; അവിടത്തെ കരുണ അതിവേഗം ഞങ്ങളെ സന്ദർശിക്കണമേ, ഞങ്ങൾ അതിതീക്ഷ്ണമായ ആവശ്യത്തിൽ ആയിരിക്കുന്നു.

[9] ഞങ്ങളുടെ രക്ഷയായ ദൈവമേ, അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ; അവിടത്തെ നാമംനിമിത്തം ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.

[10] രാഷ്ട്രങ്ങളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,” എന്നു ചോദിപ്പിക്കുന്നതെന്തിന്? അവിടത്തെ സേവകരുടെ രക്തംചൊരിഞ്ഞതിനുള്ള പ്രതികാരം ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽവെച്ചുതന്നെ രാഷ്ട്രങ്ങൾക്കിടയിൽ അവിടന്ന് നടപ്പിലാക്കണമേ.

[11] ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ; മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ അവിടത്തെ കൈകളുടെ ശക്തിയാൽ സ്വതന്ത്രരാക്കണമേ.

[12] കർത്താവേ, ഞങ്ങളുടെ അയൽവാസികൾ അങ്ങേക്കെതിരായി നടത്തിയ അധിക്ഷേപങ്ങൾക്കുള്ള ശിക്ഷ ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്കുതന്നെ നൽകണമേ.

[13] അപ്പോൾ അവിടത്തെ ജനമായ ഞങ്ങൾ—അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റം— അങ്ങയെ നിത്യം സ്തുതിക്കും; ഞങ്ങൾ അവിടത്തെ സ്തുതി തലമുറതലമുറകളോളം പ്രസ്താവിക്കും. സംഗീതസംവിധായകന്. “സാരസസാക്ഷ്യം” എന്ന രാഗത്തിൽ.

സങ്കീർത്തനങ്ങൾ — Chapters