Skip to content
Opens in a new window

[1] എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

[2] എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—

[3] അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.

[4] അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന് വീണ്ടെടുക്കുകയും നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,

[5] നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന് അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.

[6] പീഡിതരായ എല്ലാവർക്കുംവേണ്ടി യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു.

[7] അവിടന്നു തന്റെ വഴികളെ മോശയ്ക്കും തന്റെ പ്രവൃത്തികളെ ഇസ്രായേൽജനതയ്ക്കും വെളിപ്പെടുത്തി:

[8] യഹോവ കരുണാമയനും ആർദ്രഹൃദയനും ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.

[9] അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല, അവിടത്തെ കോപം എന്നേക്കും നിലനിർത്തുകയുമില്ല.

[10] അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അനീതികൾക്കനുസൃതമായി പകരം ചെയ്യുന്നതുമില്ല.

[11] ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ, തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്.

[12] കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ, അവിടന്ന് നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്നും അകറ്റിയിരിക്കുന്നു.

[13] ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ, യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;

[14] കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു.

[15] മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു, വയലിലെ പൂപോലെ അതു തഴയ്ക്കുന്നു;

[16] അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു, അതു നിന്നയിടംപോലും പിന്നെയത് ഓർക്കുന്നില്ല.

[17] എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ നിതാന്തകാലം നിലനിൽക്കും അവിടത്തെ നീതി അവരുടെ മക്കളുടെ മക്കൾക്കും ഉണ്ടാകും—

[18] അവിടത്തെ ഉടമ്പടികൾ പാലിക്കുകയും അവിടത്തെ പ്രമാണങ്ങൾ ഓർത്ത് അനുസരിക്കുകയും ചെയ്യുന്നവരുടെമേൽതന്നെ.

[19] യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു, സകലതും അവിടത്തെ ആധിപത്യത്തിൻകീഴിലാകുന്നു.

[20] അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്, അവിടത്തെ ആജ്ഞകൾ നിറവേറ്റുന്ന ദൂതന്മാരേ, ശക്തരായ ദൂതന്മാരേ, യഹോവയെ വാഴ്ത്തുക.

[21] അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന സകലസേവകവൃന്ദമേ, സൈന്യങ്ങളുടെ യഹോവയെ വാഴ്ത്തുക.

[22] അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള സകലസൃഷ്ടികളുമേ, യഹോവയെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക.

സങ്കീർത്തനങ്ങൾ — Chapters